26 March Tuesday

കോൺഗ്രസിന്റെ ഹർജി തള്ളി; യെദ്യൂരപ്പയ്‌ക്ക്‌ ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യാമെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


ന്യൂഡൽഹി> യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാറിനെ വെള്ളിയാഴ്​ച രാവിലെ ഒമ്പതിന്‌ സത്യപ്രതിജ്​ഞ ചെയ്യുന്നതിൽനിന്ന്​ തടയണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ നൽകിയ അടിയന്തിര ഹർജി സുപ്രീം കോടതി തള്ളി. ഇന്ന് പുലർച്ചെ വരെ നീണ്ട വാശിയേറിയ അസാധാരണ വാദംകേൾക്കലിനൊടുവിലാണ് പരമോന്നത കോടതിയുടെ വിധി. കർണാടക ഗവർണറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി ബിജെപി കൈമാറിയ കത്ത് ഹാജരാക്കാൻ ഗവർണറുടെ ഓഫിസിന് നോട്ടിസ് അയയ്ക്കുമെന്ന് അറിയിച്ചു. ജസ്​റ്റിസുമാരായ സിക്രി, അശോക്​ഭൂഷൺ, ബോബ്​ടെ എന്നീ മൂന്നംഗ ബെഞ്ചാണ്​ വാദം കേട്ടത്‌. പുലർച്ചെ ചൂടേറിയ വാദങ്ങളാണ്​ സുപ്രീം കോടതിയിൽ അ​രങ്ങേറിയത്‌.തീരുരുമാനത്തിന്റെ രേഖകളൊന്നും പരിഗണിക്കാതെ ഗവർണറുടെ അധികാരത്തിൽ ഇപ്പോൾ ഇടപെടാനാവില്ലെന്നായിരുന്നു സുപ്രിംകോടതി തീരുമാനം.

പുലർച്ചെ 2.10ന് തുടങ്ങിയ വാദംകേൾക്കൽ നാലേകാലോടെയാണ് അവസാനിച്ചത്. ജസ്റ്റിസ് എകെസിക്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന് മുമ്പാകെ കോൺഗ്രസിനു വേണ്ടി മുതിർന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയും  കേന്ദ്ര സർക്കാരിനുവേണ്ടി അഡിഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, ബിജെപിക്കു വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി എന്നിവരും ഹാജരായി.

 ഒരു തിരഞ്ഞെടുപ്പ് അനന്തര സഖ്യത്തിന് മതിയായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാർട്ടിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണർ വാജുഭായ്​ വാലയുടെ നടപടി ഭരണഘടനയ്ക്കും മുൻ സുപ്രീംകോടതി വിധികൾക്കും വിരുദ്ധമെന്ന്‌ കോൺഗ്രസിനായി ഹാജരായ മനു അഭിഷേക് സിംഗ്​വി ചൂണ്ടിക്കാണിച്ചു.

സർക്കാരിയ കമ്മീഷൻ ശുപാർശ പ്രകാരം ആദ്യം കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കിൽ ഏറ്റവും വലിയ പാർട്ടികളുടെ തിരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യത്തെയോ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നൽകേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്​. ഇതൊന്നും ഇല്ലെങ്കിൽ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളു. ഫലത്തിൽ നാലാമത്തെ ആളെയാണ് ഗവർണർ ഇപ്പോൾ വിളിച്ചിരിക്കുന്നതെന്നും അഭിഷേക്​ സിംഗ്​വി വ്യക്​തമാക്കിഗോവയിലും മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സർക്കാർ ഉണ്ടാക്കിയതെന്നും സിങ്‍വി ചൂണ്ടിക്കാട്ടി.

ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന ന്യായം പറഞ്ഞ‌്  ബിജെപി നേതാവ‌് ബി എസ‌് യെദ്യൂരപ്പയെ ക്ഷണിച്ച  കർണാടക ഗവർണർ വജുഭായ‌്ബി വാലയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന‌് ചൂണ്ടിക്കാട്ടിയാണ‌് കോൺഗ്രസ‌് സുപ്രീംകോടതിയെ സമീപീച്ചത‌്. രാത്രി  പത്തരയോടെ ചീഫ‌് ജസ‌്റ്റിസിനെ നേരിട്ടുകണ്ടശേഷം കോൺഗ്രസ‌് നേതാക്കൾ ഹർജി സുപ്രിംകോടതി രജിസ‌്ട്രാർക്ക‌് കൈമാറുകയായിരുന്നു. തുടർന്ന‌് അസിസ‌്റ്റന്റ‌് രജിസ‌്ട്രാറും സുപ്രിംകോടതിയിലെ ഉന്നത ഉദ്യോഗസ്ഥരും ചീഫ‌് ജസ‌്റ്റിസിന്റെ വസതിയിലെത്തി. സെക്രട്ടറി ജനറൽ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷമാണ‌് അടിയന്തര പ്രധാന്യത്തോടെ ഹർജി പരിഗണിക്കാൻ ചീഫ‌് ജസ‌്റ്റിസ‌് തീരുമാനിച്ചത‌്.

ബുധനാഴ‌്ച രാത്രി ഒമ്പതരയോടെയാണ‌് ബി ‌എസ‌് യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത‌്. മുൻ അറ്റോർണി ജനറൽ മുകുൾ റോഹ‌്ത്തഗിയിൽനിന്ന‌് നിയമോപദേശം തേടിയശേഷമായിരുന്നു നടപടി. വ്യാഴാഴ‌്ച രാവിലെ ഒമ്പതിനാണ‌് സത്യപ്രതിജ്ഞാചടങ്ങ‌് നിശ‌്ചയിച്ചത‌്. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സമയം നൽകി. ഗവർണറുടെ ഈ നടപടി കുതിരക്കച്ചവടത്തിന‌് അവസരമൊരുക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു.

സർക്കാർ രൂപീകരണത്തിന‌് അവകാശവാദം ഉന്നയിച്ച‌് ജെഡിഎസും ബിജെപിയും ഗവർണറെ സന്ദർശിച്ചിരുന്നു. ഇരു കക്ഷികളും ഒരുപോലെ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ‌് മുകുൾ റോഹ‌്ത്തഗിയോട‌് നിയമോപദേശം തേടിയത‌്. തുടർന്ന‌് രാത്രി എട്ടരയോടെ സർക്കാർ രൂപീകരിക്കാൻ ബി എസ‌് യെദ്യൂരപ്പയെ ഗവർണർ ക്ഷണിക്കുകയായിരുന്നു.
 

പ്രധാന വാർത്തകൾ
 Top