20 July Saturday

കർണാടകം ലാസ്‌റ്റ്‌ ഓവർ ; നിയമസഭാ സമ്മേളനത്തിൽ 16 വിമതർ പങ്കെടുക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

ബംഗളൂരു> വെള്ളിയാഴ‌്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിമത എംഎൽഎമാർ പങ്കെടുക്കില്ല. 16 വിമതർ വിട്ടുനിൽക്കുന്നതോടെ കോൺഗ്രസ‌്-ജെഡിഎസ‌് സഖ്യസർക്കാർ സഭയിൽ ന്യൂനപക്ഷമാകും. വ്യാഴാഴ‌്ച വൈകിട്ട‌് ബംഗളൂരുവിലെ വിധാൻ സൗധയിലെത്തിയ 10 വിമത എംഎൽഎമാർ സ‌്പീക്കർ രമേഷ്‌കുമാറിന്‌ രാജിക്കത്ത‌് നൽകി മുംബൈയിലേക്ക‌് മടങ്ങി. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ‌് വിമത എംഎൽഎമാർ നേരിട്ടെത്തി സ‌്പീക്കർക്ക‌് രാജിക്കത്ത‌് നൽകിയത‌്.

കനത്ത സുരക്ഷയിലാണ‌് ഇവർ സ്പീക്കറെ കണ്ടത‌്.  ക്രമപ്രകാരമല്ലെന്ന‌ു പറഞ്ഞ‌് സ‌്പീക്കർ രാജി സ്വീകരിക്കുന്നില്ലെന്ന‌് ചൂണ്ടിക്കാട്ടി വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.  രാജിയിൽ തീരുമാനം വെള്ളിയാഴ‌്ച അറിയിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സ‌്പീക്കറോട‌് നിർദേശിച്ചു. എന്നാൽ, രാജിയിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നും അടിയന്തരമായി വിഷയം പരിഗണിക്കണമെന്നുമുള്ള സ്പീക്കറുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. വിമതർ

രാജിക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുന്നത‌് അസാധ്യമാണ‌്. മണിക്കൂറുകൾകൊണ്ട് ഇത്രയധികം രാജിക്കത്തുകൾ പരിശോധിച്ച് തീരുമാനമെടുക്കാനാകില്ലെന്നും, ഇത് തന്റെ വിവേചനാധികാരമാണെന്നും സ്പീക്കർ സുപ്രീംകോടതിയെ അറിയിച്ചു.  16 എംഎൽഎമാർ നൽകിയ രാജിക്കത്തിലാണ‌് സ‌്പീക്കർ തീരുമാനമെടുക്കേണ്ടത‌്.

സഖ്യസർക്കാർ തകർച്ചയുടെ വക്കിൽനിൽക്കെ, വ്യാഴാഴ‌്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ നിർണായക മന്ത്രിസഭായോഗം ചേർന്നു. വിശ്വാസവോട്ട് വേണ്ടിവന്നാൽ അതിന് നേരിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനിടെ, രാജിവച്ച  മൂന്ന‌് എംഎൽഎമാരെ അയോഗ്യരാക്കാനാവശ്യപ്പെട്ട‌് ജെഡിഎസ‌് സ‌്പീക്കർക്ക‌് കത്തുനൽകി. വെള്ളിയാഴ‌്ച ധനബിൽ സഭയുടെ മേശപ്പുറത്ത് വയ‌്ക്കും. തുടർന്ന‌് എന്ത‌് സംഭവിക്കും എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട‌്. ധനബിൽ പാസായില്ലെങ്കിൽ സർക്കാരിന‌് രാജിവെക്കേണ്ടിവരും. 

16 വിമതർക്ക‌് പുറമേ സ്വതന്ത്രരായ എച്ച് നാഗേഷും  ആർ ശങ്കറും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിട്ടുണ്ട‌്. ഇതോടെ ഭരണപക്ഷത്ത‌്  101 പേരായി കുറഞ്ഞു. 224 അംഗ നിയമസഭയിൽ  16  പേർ വിട്ടുനിന്നാൽ അംഗസംഖ്യ 208 ആകും. കേവലഭൂരിപക്ഷത്തിന‌്  105 പേരുടെ പിന്തുണ വേണം. ബിജെപിക്ക്  105 എംഎൽഎമാരുണ്ട്. സ്വതന്ത്രന്റെയും കെപിജെപിയുടെയും പിന്തുണകൂടിയാകുമ്പോൾ 107 ആകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top