19 August Monday

കർണാടകം കൈവിട്ട്‌ കോൺഗ്രസ്‌; രണ്ട്‌ എംഎൽഎമാർകൂടി രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

ബംഗളൂരു > രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു. സുധാകര്‍, എം ടി ബി നാഗരാജ് എന്നിവരാണ് സ്പീക്കറെ നേരിട്ടുകണ്ട് രാജി സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്തബന്ധമുള്ളവരാണ് ഇരുവരും.

രണ്ടുപേര്‍ കൂടി രാജിവച്ചതോടെ കര്‍ണാടകത്തില്‍ ആകെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം 16 ആയി. ഇതുവരെ 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിവച്ചത്. എന്നാല്‍ ആരുടെയും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ വ്യക്തമാക്കി. ഒരു രാത്രികൊണ്ട് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്നും അവര്‍ക്ക് 17-ാം തീയതി വരെ സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. നടപടിക്രമങ്ങളനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം സ്പീക്കറെ നേരിട്ടുകാണാനായി വിധാന്‍സൗധയിലെത്തുകയും ചെയ്തു. അതിനിടെ, മന്ത്രി ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ മുംബൈയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതും വിവാദത്തിലായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top