21 February Thursday

അട്ടിമറിക്ക‌് ബിജെപി ; കർണാടകത്തിൽ എംഎൽഎമാരെ വിലയ്‌ക്കെടുക്കുന്നു

സാജൻ എവുജിൻUpdated: Tuesday Jan 15, 2019

ന്യൂഡൽഹി
കർണാടകത്തിൽ ജെഡിഎസ‌്–-കോൺഗ്രസ‌് സഖ്യസർക്കാരിനെ പണമൊഴുക്കി അട്ടിമറിക്കാൻ  ബിജെപി നീക്കം സജീവമാക്കി.  കോൺഗ്രസും ജെഡിഎസും തമ്മിലും കോൺഗ്രസിനുള്ളിലും രൂപംകൊണ്ട ഭിന്നതകൾ മുതലെടുത്ത‌് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനാണ‌് ബിജെപിയുടെ പദ്ധതി. പതിനെട്ട‌് കോൺഗ്രസ‌്–-ജെഡിഎസ‌് എംഎൽഎമാരെ  രാജിവയ‌്പിച്ചശേഷം അവിശ്വാസപ്രമേയം കൊണ്ടുവരാനാണ‌് ശ്രമം.  ഭരണമുന്നണിക്ക‌് 120 എംഎൽഎമാരും ബിജെപിക്ക‌് 104 പേരുമാണുള്ളത‌്. ഭരണഅട്ടിമറിക്ക‌് ബിജെപി ആവിഷ‌്കരിച്ച ‘ഓപ്പറേഷൻ കമല’ പദ്ധതിക്ക‌് ബിജെപി ദേശീയ അധ്യക്ഷൻ അമിത‌്‌ ഷായും സംസ്ഥാന അധ്യക്ഷൻ വൈ എസ‌് യെദ്യൂരപ്പയുമാണ‌് ചുക്കാൻപിടിക്കുന്നത‌്. പൊതുതെരഞ്ഞെടുപ്പിന‌് മുമ്പ‌് കർണാടകയിൽ കാലുമാറ്റത്തിലൂടെ അധികാരത്തിലെത്താനാണ‌് ബിജെപി ലക്ഷ്യമിടുന്നത‌്. എംഎൽഎമാർക്ക‌് കോടികളാണ‌് വില പറയുന്നത‌്. ദിവസങ്ങൾക്കകം ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന‌് ചില ഉന്നത നേതാക്കൾ സൂചന നൽകിയിരുന്നു. കർണാടകത്തിൽനിന്നുള്ള ബിജെപി എംപിമാരും ഡൽഹിയിൽ ചർച്ചകളിൽ പങ്കെടുക്കുന്നു. ജെഡിഎസ‌്–-കോൺഗ്രസ‌് എംഎൽമാരുടെ കൂറുമാറ്റം ഉറപ്പിച്ചശേഷം 19നകം ഡൽഹിയിൽ നാടകീയമായ പ്രഖ്യാപനം നടത്താൻ ബിജെപി ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട‌്.

തിരിച്ചടിക്കാൻ ഭരണപക്ഷവും
ബിജെപിയുടെ തിരക്കിട്ട‌ നീക്കങ്ങൾക്ക‌് തിരിച്ചടി നൽകാൻ  ഭരണപക്ഷവും ശ്രമം തുടങ്ങി. തങ്ങളുടെ എംഎൽഎമാരെ ബിജെപി പാട്ടിലാക്കാൻ ശ്രമിച്ചതിനുപിന്നാലെ, ബിജെപി എംഎൽഎമാരെ അടർത്തിയെടുക്കാൻ ജെഡിഎസ‌്–-കോൺഗ്രസ‌് മുന്നണിയും ശ്രമിക്കുകയാണ‌്. ഇതു തടയാൻ ബിജെപി എംഎൽഎമാരെ ഗുഡ‌്ഗാവിലെ റിസോർട്ടിലേക്ക‌് മാറ്റുകയാണ‌്.

ബിജെപിയുടെ  എംഎൽഎമാർ പാർടി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയിരുന്നു. അസംതൃപ‌്തരായ അഞ്ച‌് ബിജെപി എംഎൽഎമാർ ഭരണപക്ഷത്തേക്കുവരുമെന്ന‌് കർണാടക പിസിസി അധ്യക്ഷൻ ദിനേശ‌് ഗുണ്ടുറാവു വെളിപ്പെടുത്തിയത‌് ബിജെപി അതീവ ഗൗരവത്തോടെയാണ‌് കാണുന്നത‌്. കുമാരസ്വാമി പദവിയും പണവും വാഗ‌്ദാനം ചെയ‌്ത‌് ബിജെപി എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിക്കുന്നുവെന്ന‌് യെദ്യൂരപ്പ പറഞ്ഞു. ഡൽഹിയിൽ അമിത‌്‌ ഷായുമായി കൂടിയാലോചന നടത്തിയശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭയിലും തർക്കം
കോൺഗ്രസ‌് എംഎൽഎമാരായ രമേഷ‌് ജാർഖിഹോളി, ആനന്ദ‌്സിങ‌്, ബി നാഗേന്ദ്ര എന്നിവർ ചില ബിജെപി എംഎൽഎമാരുടെയും നേതാക്കളുടെയും നിയന്ത്രണത്തിൽ മുംബൈയിലെ റിസോർട്ടിലാണെന്ന‌് ഞായറാഴ‌്ച മന്ത്രി ഡി കെ ശിവകുമാർ അറിയിച്ചതോടെയാണ‌് അന്തർനാടകങ്ങൾ മറനീക്കിയത‌്. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും എന്തൊക്കെ വാഗ‌്ദാനങ്ങൾ എംഎൽഎമാർക്ക‌് നൽകിയിട്ടുണ്ടെന്ന‌് അറിയില്ലെന്നും  ശിവകുമാർ പറഞ്ഞു. എന്നാൽ, ഈ എംഎൽഎമാർ നിരന്തരം തന്നോട‌് വിവരങ്ങൾ പങ്കുവയ‌്ക്കുന്നുണ്ടെന്നും സർക്കാർ സുരക്ഷിതമാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചു. ചിലർ സംസ്ഥാനം വിട്ടുപോയിട്ടുണ്ടെന്നും പക്ഷേ അവർ ബിജെപിയിൽ ചേരില്ലെന്നും ഉപമുഖ്യമന്ത്രിയും കോൺഗ്രസ‌് നേതാവുമായ ജി പരമേശ്വരയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top