18 October Friday

ഉപമുഖ്യമന്ത്രിപദം, വകുപ്പുവിഭജനം: യെദ്യൂരപ്പ മന്ത്രിസഭയിൽ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

ബംഗളൂരു
മൂന്ന്‌ ഉപമുഖ്യന്മാരുടെ നിയമനവും മന്ത്രിമാരുടെ വകുപ്പു വിഭജനവും കർണാടകത്തിലെ യെദ്യൂരപ്പ മന്ത്രിസഭയെ പ്രതിസന്ധിയിലേക്ക്‌ നയിക്കുന്നു. അപ്രധാന വകുപ്പുകൾ ലഭിച്ച  മുതിർന്ന  മന്ത്രിമാരിൽ ചിലർ മുഖ്യമന്ത്രിക്കും ബിജെപി നേതൃത്വത്തിനും പരാതി നൽകി. ചിലർ രാജിഭീഷണി മുഴക്കി. നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ടതിന്റെ പേരിൽ 2012ൽ മന്ത്രിസ്ഥാനം രാജിവച്ച ബിജെപി നേതാവ്‌ ലക്ഷ്മൺ സാവദി അടക്കം മൂന്നുപേരെയാണ്‌  ഉപമുഖ്യമന്ത്രിയാക്കിയത്‌. 

സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും  മന്ത്രിമാരുടെയും സഖ്യസർക്കാരിനെ താഴെയിറക്കാൻ  മുന്നിൽനിന്ന്‌ പ്രവർത്തിച്ച കോൺഗ്രസ്‌, ജെഡിഎസ്‌ വിമതരുടെയും എതിർപ്പ്‌ വകവയ്‌ക്കാതെയാണ്‌ യെദ്യൂരപ്പ മൂന്ന്‌ ഉപമുഖ്യമന്ത്രിമാരെ നിയമിച്ചത്‌. മുൻ മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രിമാരായ ആർ അശോക്‌, കെ എസ്‌ ഇശ്വരപ്പ  എന്നിവരെ പരിഗണിക്കാത്തതും  അതൃപ്‌തി പടർത്തി. നിലവിൽ എംഎൽഎ പോലുമല്ലാത്ത ലക്ഷ്മൺ സാവദിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്‌ത്‌ യെദ്യൂരപ്പയുടെ വിശ്വസ്‌തനായ എംഎൽഎ രേണുകാചാര്യ രംഗത്തെത്തി.  മന്ത്രിസഭയിൽ ഇടം കിട്ടാത്ത മുതിർന്ന എംഎൽഎമാർ പ്രത്യേക യോഗം ചേരും.  സർക്കാർ അധികാരമേറ്റ്‌ ഒരുമാസം തികയാനിരിക്കെയാണ്‌ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്‌.
യെദ്യൂരപ്പ അധികാരമേറ്റ്‌ മൂന്നാഴ്‌ചയ്‌ക്ക്‌ ശേഷമാണ്‌ മന്ത്രിസഭ വികസിപ്പിച്ചത്‌. പിന്നെയും  ഒരാഴ്‌ചയിലേറെ കഴിഞ്ഞാണ്‌ മന്ത്രിമാർക്ക്‌ വകുപ്പുകൾ അനുവദിച്ചത്‌. 

പ്രബലസമുദായമായ ലിംഗായത്തിലെ ഉപവിഭാഗത്തിന്റെ നേതാവായ ലക്ഷ്‌മൺ സവാദിന്‌ പുറമെ ഗോവിന്ദ്‌ കെ കർജോള, സി എൻ അശ്വത്‌ നാരായണ എന്നിവരാണ്‌ ഉപമുഖ്യമന്ത്രിമാർ. മുതിർന്ന ദലിത്‌ നേതാവായ ഗോവിന്ദ്‌ കർജോള 15 വർഷമായി യെദ്യൂരപ്പയുടെ വിശ്വസ്‌തനാണ്‌.
വൊക്കലിംഗവിഭാഗത്തിൽ നിന്നുള്ള യുവനേതാവാണ്‌ അശ്വത്‌ നാരായണ.  സംഘടനാചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ  നോമിനിയാണ്‌  അശ്വത്‌.  നിയമസഭാ നടപടികൾ നടന്നുകൊണ്ടിരിക്കെ അശ്ലീല വീഡിയോ കണ്ടതിനെത്തുടർന്ന്‌ രാജിവയ്‌ക്കേണ്ടിവന്ന  സി സി പാട്ടീലും ഈ മന്ത്രിസഭയിലുണ്ട്‌.
 
പരിചയസമ്പന്നരായ ജഗദീഷ്‌ ഷെട്ടാർ, ആർ അശോക്‌, സി ടി രവി , ശ്രീരാമലു തുടങ്ങിയവർക്ക്‌ പ്രധാന വകുപ്പുകൾ നൽകാത്തതിലും  പ്രതിഷേധമുയർന്നു.  അപ്രധാന വകുപ്പിലേക്ക്‌ ഒതുക്കിയതിൽ പ്രതിഷേധിച്ച്‌ സി ടി രവി രാജി ഭീഷണി മുഴക്കി. കോൺഗ്രസ്‌, ജെഡിഎസ്‌ സർക്കാരിനെ അട്ടിമറിച്ച വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതും  അതൃപ്‌തിക്ക്‌ വഴിവച്ചു. വിമതർക്ക്‌ ഉപമുഖ്യമന്ത്രിസ്ഥാനം അടക്കം വാഗ്‌ദാനം ചെയ്‌താണ്‌ സഖ്യസർക്കാരിനെ വീഴ്‌ത്തിയത്‌. സ്വതന്ത്രനായ നാഗരാജിന്‌ മത്രമാണ്‌ മന്ത്രിസ്ഥാനം ലഭിച്ചത്‌.


പ്രധാന വാർത്തകൾ
 Top