18 September Wednesday

കർണാടകയിൽ 20 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന്‌ യദ്യൂരപ്പ; കോൺഗ്രസ്‌ ‐ ജെഡിഎസ്‌ ഭിന്നത രൂക്ഷം

സ്വന്തം ലേഖകൻUpdated: Wednesday May 22, 2019

ബംഗളൂരു > ഭരണകക്ഷിയായ കോൺഗ്രസ്‌‐ജെഡിഎസ്‌ നേതാക്കളുടെ വാഗ്വദങ്ങൾ തുടരുന്നതിനിടെ കോൺഗ്രസ്‌ ക്യാമ്പിൽ ആശങ്ക പടർത്തി ബിജെപി സംസ്ഥാന പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ബി എസ്‌ യദ്യൂരപ്പ. എക്‌സിറ്റ്‌ പോൾ ഫലങ്ങൾ ബിജെപിക്ക്‌ അനുകൂലമായതിന്‌ പിന്നാലെ 20 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന അവകാശവാദവുമായി യദ്യൂരപ്പ രംഗത്തെത്തി. കോൺഗ്രസ്- ജനതാദൾ (എസ്) ഭിന്നത രൂക്ഷമായ കർണാടകയിൽ ഇതോടെ സർക്കാരിന്റെ ഭാവി ആശങ്കയിലായി.  എച്ച്‌ ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങൾക്ക് ബിജെപി. ആക്കംകൂട്ടി.

ഡൽഹിയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമി പങ്കെടുത്തിരുന്നില്ല. ഏഴ്‌ തവണ എംഎൽഎയും കോൺഗ്രസിലെ മുതിർന്ന നേതാവുമായ റോഷൻ ബെയ്ഗ് സംസ്ഥാന-‐കേന്ദ്ര നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായിരംഗത്തുവന്നു. സംസ്ഥാന കോൺഗ്രസ്‌ അധ്യക്ഷൻ ദിനേശ്‌ ഗുണ്ടുറാവുവും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും മോശം നേതാക്കളാണെന്നായിരുന്നു റോഷൻ ബെയ്ഗിന്റെ വിമർശനം.
 
ജനതാദളിലെയും കോൺഗ്രസിലെയും വലിയ നേതാക്കൾ പരാജയപ്പെടുമെന്ന യദ്യൂരപ്പയുടെ വാക്കുകൾ ആശങ്കയോടെയാണ്‌ സഖ്യം കാണുന്നത്‌.
 

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാമണ്ഡലങ്ങളും ബിജെപി പിടിച്ചെടുത്താൽ പ്രതിസന്ധി കനക്കുമെന്ന് ഉറപ്പാണ്. ഉപതിരഞ്ഞെടുപ്പിൽ രണ്ടുസീറ്റ് നേടുകയും ഭണപക്ഷത്തുനിന്ന് എട്ടുപേർ രാജിവെക്കുകയും ചെയ്താൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാനാകും.

ആകെയുള്ള 224 സീറ്റിൽ കോൺഗ്രസ്-78, ജനതാദൾ എസ്-37, ബിജെപി-104, ബിഎസ്‌പി-1, മറ്റുള്ളവർ-2 എന്നിങ്ങനെയാണ്‌ കക്ഷിനില. കേവല ഭൂരിപക്ഷമായ 113 സീറ്റിലേക്കെത്താൻ ബിജെപിക്ക്‌ ഒമ്പത്‌ സീറ്റുകൾകൂടി മതി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top