18 February Monday

കനയ്യകുമാറിന്റെ പേരിലുള്ള കുറ്റപത്രം സ്വീകരിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

 
ന്യൂഡൽഹി
ജെഎൻയു യൂണിയൻ മുൻ പ്രസിഡന്റ‌് കനയ്യകുമാർ ഉൾപ്പെടെയുള്ളവർക്ക‌് എതിരെ ഡൽഹി പൊലീസ‌് സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചില്ല. രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തിയ കേസിൽ ഡൽഹി സർക്കാരിൽ നിന്ന‌് വിചാരണയ‌്ക്ക‌് മുൻകൂർ അനുമതി വാങ്ങാതെ  കുറ്റപത്രം സമർപ്പിച്ച പൊലീസ‌് നടപടി  മെട്രോപൊളിറ്റൻ മജിസ‌്ട്രേട്ട‌് ദീപക‌് ഷെറാവത്ത‌് രൂക്ഷമായി വിമർശിച്ചു.  സർക്കാരിൽനിന്ന‌് ആവശ്യമായ അനുമതി വാങ്ങാൻ പൊലീസിന‌്  ഫെബ്രുവരി ആറുവരെ സമയം അനുവദിച്ചു.

2016 ഫെബ്രുവരിയിൽ ജെഎൻയുവിൽ സംഘടിപ്പിച്ച പരിപാടിയിൽ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന‌് ആരോപിച്ച‌് കനയ്യകുമാർ, ഉമർഖാലിദ‌്, അനിർബൻ ഭട്ടാചാര്യ തുടങ്ങി 10 പേർക്ക‌് എതിരെ തിങ്കളാഴ‌്ചയാണ‌് ഡൽഹി പൊലീസ‌് പട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത‌്. മൂന്ന‌് വർഷത്തിനുശേഷം തിടുക്കപ്പെട്ട‌് കുറ്റപത്രം സമർപ്പിച്ച നടപടി തെരഞ്ഞെടുപ്പ‌് ലക്ഷ്യമിട്ടുള്ളതാണെന്ന ആക്ഷേപം ശക്തമായിരുന്നു. 

പ്രാഥമിക നടപടി പോലും പൂർത്തിയാക്കാതെയാണ‌് ഡൽഹി പൊലീസ‌് കുറ്റപത്രം സമർപ്പിച്ചതെന്ന‌് തെളിയിക്കുന്നതാണ‌് കോടതി വിമർശനം. എന്നാൽ, കോടതിയിൽ കുറ്റപത്രം സമർപ്പിച്ച അന്നുതന്നെ ഡൽഹി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നാണ‌് പൊലീസ‌് വിശദീകരണം. ഡൽഹി പൊലീസിൽനിന്ന‌് അപേക്ഷ ലഭിച്ചിട്ടുള്ള കാര്യം ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു.  കുറെ വർഷങ്ങളായി രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട കേസുകൾ ഡൽഹി സർക്കാരിന്റെ പരിഗണനയ‌്ക്ക‌് എത്തിയിട്ടില്ല. അതിനാൽ പൊലീസിന്റെ അപേക്ഷ നിയമവകുപ്പിന്റെ പരിഗണനയ‌്ക്ക‌് വിട്ടിട്ടുണ്ടെന്നും ഇവർ പറയുന്നു.

മുൻകൂർ അനുമതി ലഭിക്കുന്നതിന‌് മുമ്പുതന്നെ കുറ്റപത്രം സമർപ്പിച്ചതിനാൽ സർക്കാർ എന്ത‌് നിലപാടാണ‌് സ്വീകരിക്കുമെന്നത‌് നിർണായകമാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top