17 January Friday

കൈതമുക്കിൽ കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ അച്ഛൻ അറസ്‌റ്റിൽ; കേസ്‌ ബാലാവകാശ നിയമപ്രകാരം

സ്വന്തം ലേഖികUpdated: Thursday Dec 5, 2019

തിരുവനന്തപുരം >  കൈതമുക്കിൽ ഭാര്യയെയും മക്കളെയും ക്രൂരമായി ഉപദ്രവിച്ച കുഞ്ഞുമോൻ അറസ്‌റ്റിൽ. ബാലാവകാശ നിയമപ്രകാരം വഞ്ചിയൂർ പൊലീസാണ്‌ അറസ്‌റ്റ്‌ ചെയ്തത്‌. പുനലാൽ ഡെയ്‌ൽവ്യൂ ഹോമിൽ കഴിയുന്ന ഭാര്യ ശ്രീദേവിയുടെയും മക്കളുടെയും മൊഴി വഞ്ചിയൂർ പൊലീസ്‌ രേഖപ്പെടുത്തിയിരുന്നു.

മദ്യപിച്ചെത്തുന്ന കുഞ്ഞുമോൻ തങ്ങളെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി ശ്രീദേവിയും മൂത്ത മകൻ അക്ഷയും മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌ രജിസ്‌റ്റർ ചെയ്തത്‌. വ്യാഴാഴ്ച രാത്രി ഉപ്പിടാംമൂട്‌ പ്രദേശത്തുനിന്നാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്തതെന്ന്‌ പൊലീസ്‌ പറഞ്ഞു. മൂന്നുവർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കേസാണ്‌ രജിസ്‌റ്റർ ചെയ്തത്‌. കേസ്‌ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി 11ന്‌ വീണ്ടും പരിഗണിക്കുമെന്ന്‌ ചെയർപേഴ്‌സൺ എൻ സുനന്ദ പറഞ്ഞു. ശ്രീദേവിയുടെയും മക്കളുടെയും മൊഴി വീണ്ടുമെടുക്കും.

കുടുംബത്തിന്‌ നഗരസഭ വാഗ്‌ദാനം ചെയ്ത ഫ്ലാറ്റ്‌ ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാകും. ശ്രീദേവിയുടെയും കുടുംബത്തിന്റെയും പൂർണ സംരക്ഷണം നഗരസഭ ഏറ്റെടുത്തിരുന്നു. ശ്രീദേവിക്ക്‌ ജോലിയും നൽകി. ജോലിയിൽ പ്രവേശിക്കാൻ ഇവർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top