03 March Wednesday

മോഡി ബിജെപിയുടെ അവസാന പ്രധാനമന്ത്രിയാകും: കെ കെ രാഗേഷ്

സ്വന്തം ലേഖകൻUpdated: Monday Jan 25, 2021

‌ഷാജഹാൻപുർ> കർഷകസമരത്തെ അവഗണിച്ചുതള്ളാൻ ശ്രമിക്കുന്ന നരേന്ദ്ര മോഡിക്ക്‌ ബിജെപിയിൽനിന്നുള്ള അവസാന പ്രധാനമന്ത്രിയെന്ന സ്ഥാനമാകും ചരിത്രത്തിൽ  ഉണ്ടാകുകയെന്ന്‌ കർഷകസംഘം പ്രസിഡന്റും രാജ്യസഭാംഗവുമായ കെ കെ രാഗേഷ്‌ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡ്‌ ജനപങ്കാളിത്തത്താൽ രാജ്യം ഇന്നേവരെ കാണാത്ത ചരിത്രസംഭവമാകുമെന്നും സമരകേന്ദ്രത്തിലെ 59–-ാം ദിവസത്തെ  പരിപാടികൾ ഉദ്‌‌ഘാടനം ചെയ്‌ത്‌ രാഗേഷ്‌ പറഞ്ഞു.

ലക്ഷക്കണക്കിന്‌ ട്രാക്ടർ അണിനിരത്തിയുള്ള കിസാൻ പരേഡിനായി കർഷകർ ഒരുങ്ങുമ്പോൾ ബിജെപിയുടെ അവസാന പ്രധാനമന്ത്രിയെന്ന ദുര്യോഗത്തിലേക്കാണ്‌ മോഡി നീങ്ങുന്നത്‌. മൗണ്ട്ബാറ്റൺ ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ എന്ന്‌ പഠിക്കുന്നതോടൊപ്പം വരുംതലമുറ നാരേന്ദ്ര മോഡി- ബിജെപിയിൽനിന്നുള്ള അവസാന പ്രധാനമന്ത്രി എന്ന്  പഠിക്കുന്ന കാലം വിദൂരമല്ല.

രാജ്യമാകെ ഏറ്റെടുക്കുന്ന ചരിത്രസമരമായി കർഷകപ്രക്ഷോഭം മാറി. റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യമാകെ അസംഖ്യം കർഷകർ ട്രാക്ടറുകളുമായി തെരുവിൽ പരേഡ്‌ ചെയ്യും. തൊഴിലാളികളും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും കൈകോർക്കും. ഐതിഹാസിക സമരത്തിന്‌ മുന്നിൽ കോർപറേറ്റുകൾക്ക്‌ വിടുപണിയെടുക്കുന്ന മോഡി സർക്കാരിന്‌ മുട്ടുകുത്തേണ്ടിവരുമെന്നും- രാഗേഷ്‌ പറഞ്ഞു.
10 ദിവസമായി ഷാജഹാൻപുരിലെ സമരകേന്ദ്രത്തിൽ താൽക്കാലിക ടെന്റിൽ പ്രക്ഷോഭകർക്കൊപ്പമാണ്‌ രാഗേഷ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top