25 May Monday
13ന് ജ്യോതിരാദിത്യ രാജ്യസഭയിലേക്ക്‌ പത്രിക നല്‍കും

ജ്യോതിരാദിത്യയും 22 എംഎൽഎമാരും ബിജെപിയില്‍ ; മധ്യപ്രദേശിൽ കോൺഗ്രസ്‌ പിളർന്നു

സാജൻ എവുജിൻUpdated: Wednesday Mar 11, 2020


ന്യൂഡൽഹി
കോണ്‍​ഗ്രസ് പിളർത്തി‌എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ  ബിജെപിയില്‍. ആറു മന്ത്രിമാർ അടക്കം 22 കോൺഗ്രസ്‌ എംഎൽഎമാർ സിന്ധ്യക്കൊപ്പം രാജിവച്ചു. മധ്യപ്രദേശിലെ 15 മാസം പ്രായമായ കോൺഗ്രസ്‌ സര്‍ക്കാരിന് ഇതോടെ ഭൂരിപക്ഷം നഷ്ടമായി. കൂടുതൽ രാജി  ഉണ്ടാകുമെന്ന്‌ വിമത എംഎൽഎമാർ പറഞ്ഞു. തിങ്കളാഴ്‌ച 17 എംഎൽഎമാരെ കർണാടകത്തിലേക്ക്‌ കടത്തിയ ജ്യോതിരാദിത്യ  ചൊവ്വാഴ്‌ച രാവിലെ‌ ബിജെപി അധ്യക്ഷൻ അമിത്‌ ഷായോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടു. പിന്നാലെ, സോണിയ ഗാന്ധിക്ക്‌ തിങ്കളാഴ്‌ച അയച്ച രാജിക്കത്ത്‌ ട്വിറ്റർ വഴി പുറത്തുവിട്ടു.

ജ്യോതിരാദിത്യയെ പുറത്താക്കിയെന്ന കോണ്‍​ഗ്രസിന്റെ വാർത്താകുറിപ്പ് പിന്നാലെയെത്തി.  വ്യാഴാഴ്ച ഭോപാലില്‍ ചേരുന്ന സമ്മേളനത്തില്‍ ജ്യോതിരാദിത്യ  ഔദ്യോ​ഗികമായി ബിജെപിയില്‍ അം​ഗത്വമെടുക്കും. 13ന് രാജ്യസഭാ സ്ഥാനാര്‍ഥിയായി പത്രിക നല്‍കും. അദ്ദേഹത്തിന്‌ കേന്ദ്രമന്ത്രിസ്ഥാനം വാഗ്‌ദാനം ചെയ്‌തതായി സൂചനയുണ്ട്‌. ആറു മാസമായി ജ്യോതിരാദിത്യ ബിജെപിയുമായി ആശയവിനിമയത്തിലാണ്.

രാജിവച്ച എംഎൽഎമാരിൽ ഒരാളായ ബിസാഹുലാൽ മുൻമുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. ഇതിനിടെ, ബംഗളൂരുവിൽ കഴിയുന്ന കോൺഗ്രസ്‌ എംഎൽഎമാർ പൊലീസ്‌ സംരക്ഷണം തേടി.


 

സർക്കാർ വീഴും
കമൽനാഥ്‌ സർക്കാരിനു 230 അംഗ നിയമസഭയിൽ 120  പേരുടെ പിന്തുണ ഉണ്ടായിരുന്നു. കേവല ഭൂരിപക്ഷത്തേക്കാള്‍ നാലുപേര്‍ അധികം. കോൺഗ്രസ്‌–-114,  ബാക്കി സ്വതന്ത്രരും എസ്‌പി, ബിഎസ്‌പി അംഗങ്ങളും. രണ്ടു പേരുടെ മരണവും ഒരാളുടെ സസ്‌പെൻഷനും കാരണം 227 ആണ്‌ നിലവിലെ അംഗബലം. 22 പേരുടെ രാജി അംഗീകരിച്ചാൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്‌ 103 പേരാകും. ബിജെപിക്ക്‌ 107 പേരുണ്ട്‌. കോൺഗ്രസിനു ‌92. രാജിക്കത്തുകളില്‍ ചട്ടപ്രകാരം തീരുമാനമെടുക്കുമെന്ന്‌ സ്‌പീക്കർ എൻ പി പ്രജാപതി പ്രതികരിച്ചു.

സോണിയ അവഗണിച്ചു
രാഹുൽ ബ്രിഗേഡിലെ അംഗമായി അറിയപ്പെടുമ്പോഴും സോണിയ ഗാന്ധി ജ്യോതിരാദിത്യയെ അവഗണിച്ചു. ജ്യോതിരാദിത്യയുടെ വളർച്ച ഭാവിയിൽ രാഹുലിനു ഭീഷണിയാകുമെന്ന ഉപദേശമാണ് കാരണം. കോൺഗ്രസ്‌ ഹൈക്കമാൻഡിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നേതാക്കളുടെ പിടിപ്പുകേട്‌ പ്രശ്‌നം രൂക്ഷമാക്കി. 

പുതിയ തുടക്കമെന്ന് ജ്യോതിരാദിത്യ
കോൺഗ്രസിൽ തുടർന്നാൽ ‌രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താൽപ്പര്യം സംരക്ഷിക്കാനാകില്ലെന്ന്‌ ബോധ്യമായതിനാല്‍ പ്രാഥമിക അംഗത്വം രാജിവയ്‌ക്കുന്നുവെന്ന് സിന്ധ്യ രാജിക്കത്തിൽ പറഞ്ഞു. ഒരു വർഷമായി സ്വീകരിച്ചുവന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ പുതിയ തുടക്കമാണിത്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top