21 March Thursday

കോമണ്‍വെല്‍ത്ത് ട്രിബ്യൂണൽ: കേന്ദ്ര സർക്കാർ നാമനിർദേശം ജസ്റ്റിസ്‌ സിക്രി നിരസിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

ന്യൂഡൽഹി > കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണലിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ നാമനിര്‍ദേശം മുതിർന്ന സുപ്രീം കോടതി ജഡ്ജി എ കെ സിക്രി നിരസിച്ചതായി റിപ്പോർട്ട്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ന്‌ വൈകിട്ട്‌ ജസ്റ്റിസ്‌ സിക്രി നിയമ മന്ത്രാലയത്തിന്‌ കത്തയച്ചതായി ഇന്ത്യൻ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസമാണ് ജസ്റ്റിസ്‌ സിക്രിയെ കോമൺവെൽത്ത്‌ ട്രിബ്യൂണലിലേക്ക്‌ നാമനിര്‍ദേശം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

സിബിഐ ഡയറക്ടർ അലോക് വര്‍മയെ നീക്കിയ മൂന്നംഗ ഉന്നതാധികാര സമിതി അംഗമായിരുന്നു ജസ്റ്റിസ് സിക്രി. അലോക് വര്‍മ്മയ്‌ക്കെതിരെ കർശന നടപടി വേണമെന്ന സിക്രിയുടെ നിലപാടാണ് അദ്ദേഹത്തെ തൽസ്ഥാനത്ത്‌ നിന്ന്‌ നീക്കുന്നതിന്‌ കാരണമായത്‌. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പിന്മാറിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്‌ജിയായ സിക്രി ഉന്നതാധികാര സമിതി അംഗമാവുന്നത്. ഈ സാഹചര്യത്തിലാണ്‌ ജസ്റ്റിസ് സിക്രിയ്ക്ക് പുതിയ നിയമനം ലഭിച്ച വാര്‍ത്ത പുറത്തുവരുന്നത്‌. ജസ്റ്റിസ്‌ സിക്രി മാർച്ച്‌ ആറിന്‌ വിരമിക്കാനിരിക്കെയുള്ള ഈ നിയമനം വിവാദമായതോടെയാണ്‌ ജസ്റ്റിസ്‌ സിക്രി പദവി നിരസിച്ചതെന്നാണ്‌ സൂചന.
 


പ്രധാന വാർത്തകൾ
 Top