16 February Saturday

ജസ‌്റ്റിസ‌് ​ഗോയലിന്റെ നിയമനം : കേന്ദ്രം കുരുക്കിൽ

എം അഖിൽUpdated: Saturday Jul 28, 2018ന്യൂഡൽഹി
പട്ടികവിഭാ​ഗത്തിനെതിരായ അതിക്രമം തടയാനുള്ള നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി ജഡ്ജിയെ വിരമിച്ച ദിവസംതന്നെ ദേശീയ ഹരിതട്രിബ്യൂണൽ അധ്യക്ഷനാക്കിയ നടപടിയിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ. രാജ്യത്തെ ദളിത് സംഘടനകൾക്കും പ്രതിപക്ഷത്തിനും പിന്നാലെ എൻഡിഎ ഘടകകക്ഷികളും ബിജെപിയുടെ ദളിത് എംപിമാരും നിയമനത്തെ ചോദ്യംചെയ്ത് രം​ഗത്തെത്തി. കേന്ദ്രം ഉദ്ദേശിച്ച പോലെ നിയമത്തിൽ വെള്ളംച്ചേർത്ത‌് ഉത്തരവിറക്കിയ  ജസ്റ്റിസ് ആദർശ് കുമാർ ഗോയലിനാണ് കേന്ദ്രം 'ഉപകാരസ്മരണയായി'  വിരമിച്ച ദിവസംതന്നെ പ്രധാനതസ്തികയിൽ നിയമനം നൽകിയത്.  പരിസ്ഥിതി വിഷയങ്ങളിൽ പരാതികളുണ്ടെങ്കിൽ നേരിട്ട് ഹരിത ട്രിബ്യൂണലിനെ സമീപിക്കാനാകില്ലെന്ന് ​ഗോയൽ അധികാരമേറ്റശേഷം പുറപ്പെടുവിച്ച സർക്കാർ അനുകൂല ഉത്തരവും വിവാദമായി.

എൻഡിഎ ഘടകകക്ഷിയായ എൽജെപിയുടെ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാൻ എ കെ ഗോയലിന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന് കത്ത് നൽകി. എൻഡിഎയിൽ അംഗമായ 24 ദളിത് എംപിമാർ നിയമനത്തിൽ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ദുർബലമായ നിയമത്തെ സംരക്ഷിക്കുന്ന നിയമഭേദഗതി വർഷകാലസമ്മേളനത്തിൽ  അവതരിപ്പിക്കുമെന്ന് കേന്ദ്രം നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ വാഗ്ദാനവും പാലിക്കപ്പെടില്ലെന്ന് ഉറപ്പായതോടെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ദളിത് സംഘടനകൾ അറിയിച്ചു. ഈ മാസം 30നുള്ളിൽ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ ആഗസ്ത് ഒമ്പതിന് ഭാരത‌്ബന്ദ് സംഘടിപ്പിക്കുമെന്ന്് അഖിലേന്ത്യ അംബേദ്കർ മഹാസഭ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകി.

എ കെ ഗോയലിന്റെ നിയമനം തെറ്റായസന്ദേശമാണ് നൽകുന്നതെന്ന് പസ്വാൻ കത്തിൽ ചൂണ്ടിക്കാണിച്ചു. പട്ടികജാതി, പട്ടികവർഗക്കാരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട സുപ്രീംകോടതി വിധിക്ക് എതിരെ രാജ്യമുടനീളം ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ദളിത് വിഭാഗങ്ങളിൽപ്പെട്ട എംപിമാരും ജനപ്രതിനിധികളും കേന്ദ്ര തീരുമാനത്തിൽ അസ്വസ്ഥരാണ്. വിഷയത്തിൽ അടിയന്തരമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും പസ്വാൻ കത്തിൽ പറഞ്ഞു. 

രാംവിലാസ് പസ്വാന്റെ മകനും എംപിയുമായ ചിരാഗ് പസ്വാനും ഗോയലിന്റെ നിയമനത്തെ ചോദ്യംചെയ്ത് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗോയലിന്റെ നിയമനത്തെ ബിജെപി എംപി ഉദിത്രാജും ലോക്സഭയിൽ ചോദ്യം ചെയ്തിരുന്നു. കേന്ദ്രസർക്കാർ തീരുമാനം ചർച്ച ചെയ്യാൻ രാംവിലാസ് പസ്വാന്റെ വസതിയിൽ ചേർന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ രാംദാസ് അത്താവലെ, അർജുൻറാം മേഘ്വാൾ, എംപിമാരായ ഫാഗൻസിങ് ഖുലാസ്തെ, ഹരി മാൻജി, വി ഡി റാം, സാവിത്രിഭായ് ഫുലെ, നിഹാൽചന്ദ്, ഉദിത്രാജ്, ചിന്താമണി, ഹീനാഗാവിത്, വിനോദ്സോങ്കർ, രാംചരിത്രനിഷാദ്, ശരദ് ബൻസോദെ, കിരിത്സോളങ്കി തുടങ്ങിയവർ പങ്കെടുത്തു.

വിവാദമായ ഉത്തരവിന് സർക്കാർ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗോയലിന്റെ നിയമനമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻഖാർഗെ ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top