ജൂനിയർ ഡോക്‌ടറുടെ കൊലപാതകം: മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന് ജാമ്യം
കൊൽക്കത്ത > ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പോലീസ് സ്റ്റേഷന്റെ മുൻ ഓഫീസർ ഇൻചാർജ് അഭിജിത്ത് മൊണ്ടാൽ എന്നിവർക്ക് ജാമ്യം. ഇന്ന് കൊൽക്കത്തയിലെ സീൽദാ കോടതിയാണ് ജാമ്യം അനുവദിച്ചത്. സിബിഐക്ക് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനാലാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
ആർ ജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ എഫ്ഐആർ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയെന്നാണ് അഭിജിത്ത് മൊണ്ഡലിനെതിരെയുള്ള കേസ്. കേസിലെ തെളിവുകൾ നശിപ്പിച്ചുവെന്ന ആരോപണത്തിലാണ് കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ കേസെടുത്തത്. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ബലാത്സംഗ-കൊലപാതക കേസിൽ ജാമ്യം ലഭിച്ചെങ്കിലും ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജുഡീഷ്യൽ റിമാൻഡ് നിലനിൽക്കുന്നതിനാൽ സന്ദീപ് ഘോഷ് കസ്റ്റഡിയിൽ തുടരും. ആഗസ്ത് 9 നാണ് ആർ ജി കർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് രാജ്യ വ്യാപകമായി പ്രതിഷേധം നടന്നിരുന്നു.
0 comments