Deshabhimani

ജഡ്ജിയെ നീക്കണം ; രാജ്യസഭയില്‍
ഇംപീച്ച്മെന്റ് പ്രമേയം നല്‍കി പ്രതിപക്ഷ എംപിമാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 02:42 AM | 0 min read


ന്യൂഡൽഹി
വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിദ്വേഷ–- വർഗീയ പരാമർശം നടത്തിയ അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ ഇംപീച്ച്‌മെന്റ്‌ നീക്കവുമായി പ്രതിപക്ഷം മുന്നോട്ട്.

മുതിർന്ന അഭിഭാഷകൻ കൂടിയായ കപിൽ സിബൽ, ജോൺ ബ്രിട്ടാസ്‌, ദിഗ്‌വിജയ്‌ സിങ്‌, വിവേക് തൻഖ, കെ ടി എസ്‌ തുൾസി, പി വിൽസൺ എന്നിവരടക്കം 55 എംപിമാർ ഒപ്പിട്ട പ്രമേയമാണ്‌ വെള്ളിയാഴ്‌ച രാജ്യസഭാ സെക്രട്ടറി ജനറലിന്‌ കൈമാറിയത്‌. അയോധ്യയിൽ അമ്പലംപണിക്ക്‌  സംഘപരിവാർ നടത്തിയ അക്രമസമരങ്ങളെ കുറിച്ച്‌ യാദവ്‌ നടത്തിയ പരാമർശം രാഷ്ട്രീയസ്വഭാവത്തിലുള്ളതാണ്‌. ജുഡീഷ്യറിയുടെ നിഷ്‌പക്ഷതയെ ഇത്‌ ബാധിക്കും.

ന്യൂനപക്ഷവിഭാഗങ്ങളെ നേരിട്ട്‌ ലക്ഷ്യംവയ്‌ക്കുന്നതാണിത്‌. യാദവിന്റെ വിദ്വേഷപരാമർശം ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകർക്കുമെന്നും പ്രമേയത്തിലുണ്ട്‌. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യമാണ് നടപ്പാകേണ്ടതെന്നതടക്കമുള്ള വിദ്വേഷ പരാമർശങ്ങളാണ്‌ എസ്‌ കെ യാദവ്‌ നടത്തിയത്‌.

എന്താണ്‌ 
ഇംപീച്ച്‌മെന്റ്‌
നിഷ്‌പക്ഷത, പൊതുവിശ്വാസം, ജുഡീഷ്യൽ മര്യാദ എന്നിവയുടെ ലംഘനമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഒരു ജഡ്‌ജിയെ സ്ഥാനത്തുനിന്ന്‌ 124(4), 124(5), 217(1)ബി, 218 എന്നീ അനുച്ഛേദങ്ങൾ പ്രകാരം നീക്കാനാകും. ഇതിനുള്ള പ്രമേയത്തിന്‌ രാജ്യസഭയിൽ അമ്പതും ലോക്‌സഭയിൽ നൂറും എംപിമാരുടെ പിന്തുണ ആവശ്യമാണ്‌. കൽക്കത്ത ഹൈക്കോടതി ജഡ്‌ജിയായിരുന്ന ജസ്‌റ്റിസ്‌ സൗമിത്ര സെൻ രാജ്യസഭയിലെ ഇംപീച്ച്‌മെന്റ്‌ പ്രമേയം വന്നതിന്‌ പിന്നാലെ രാജിവച്ചിരുന്നു.



deshabhimani section

Related News

0 comments
Sort by

Home