27 June Thursday

യോഗി ആദിത്യനാഥിനെ അവഹേളിച്ചുവെന്ന കേസ്; മാധ്യമ പ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

ലഖ്‌നൗ > ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനെ അവഹേളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം യുപി സര്‍ക്കാരിനെതിരേ സുപ്രീംകോടതി രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ മോചിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് ജൂണ്‍ എട്ടിന് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. സമാനമായ നാല് കേസുകള്‍കൂടി ഫയല്‍ ചെയ്താണ് അദ്ദേഹത്തെ ജയിലിലടച്ചിരുന്നത്. 

പ്രശാന്ത് ഉള്‍പ്പെടെ അഞ്ചുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നാരോപിച്ച് വന്‍ പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് ഉയര്‍ന്നത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രശാന്തിന്റെ ഭാര്യ ജഗീഷാ അറോറ സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തെ ഉടന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. 20,000 രൂപയുടെ ബോണ്ടിന്മേലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top