12 September Thursday

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുകൂലമായി ജനറല്‍ ക്ലോസസ് നിയമം ഭേദഗതി ചെയ്യണം: ജോണ്‍ ബ്രിട്ടാസ് എംപി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ന്യൂഡല്‍ഹി> ജനറല്‍ ക്ലോസസ് (ഭേദഗതി) ബില്‍, യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (ഭേദഗതി) ബില്‍ എന്നീ രണ്ട് സ്വകാര്യ ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ഗവര്‍ണര്‍മാര്‍ ചാന്‍സലര്‍ പദവി ഉള്‍പ്പെടെയുള്ള ഭരണഘടനാ ബാഹ്യപദവികള്‍ വഹിക്കുന്നതിനെതിരെ മറ്റൊരു സ്വകാര്യ ബില്ലുകൂടി സമര്‍പ്പിച്ചിരുന്നെങ്കിലും ഭരണപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് വോട്ടെടുപ്പ് നടത്തി പ്രസ്തുത ബില്ലിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.  

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുകൂലമായി ജനറല്‍ ക്ലോസസ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ജനറല്‍ ക്ലോസസ് (ഭേദഗതി) ബില്ലും യുജിസി ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും മുകളില്‍ സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന നിയമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്ന് നിര്‍ദ്ദേശിക്കുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (ഭേദഗതി) ബില്ലുമാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത്.

യുജിസി ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും മുകളില്‍ സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന നിയമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (ഭേദഗതി) ബില്‍. ഏതെങ്കിലും സംസ്ഥാന നിയമ സഭ അംഗീകരിച്ച ഒരു നിയമത്തിന് യുജിസിയുടെ ഏതെങ്കിലും ചട്ടമോ വ്യവസ്ഥയോ എതിരായാല്‍ ആ സംസ്ഥാനത്ത് അവിടുത്തെ നിയമസഭയുടെ നിയമം നിലനില്ക്കുമെന്നും യുജിസിയുടെ പ്രസ്തുത ചട്ടവും വ്യവസ്ഥയും അസാധുവാകുമെന്നും ഭേദഗതി വ്യക്തമാക്കുന്നു.  ഇതിനുള്ള വ്യവസ്ഥ യുജിസി നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ ഭേദഗതി നിര്‍ദ്ദേശിക്കുന്നു.വിദ്യാഭ്യാസമേഖലയില്‍ സഹകരണ ഫെഡറലിസം ഉറപ്പുവരുത്തുന്നതിനാണ് ഈ ഭേദഗതി എന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.  

ഭരണഘടനാ ശില്‍പികള്‍ വിദ്യാഭ്യാസത്തെ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ സംസ്ഥാന വിഷയമായി നിലനിര്‍ത്തി സംസ്ഥാനങ്ങളുെട അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനാ ഭേദഗതിയിലൂടെ ഇത് കണ്‍കറന്റ് ലിസ്റ്റിലേയ്ക്കു മാറ്റി. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും സര്‍വ്വകലാശാലകളുടേയും  മേല്‍നോട്ടം വഹിക്കാനുള്ള അധികാരം ഗണ്യമായ തോതില്‍ നഷ്ടമായി. ഇപ്പോള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. ഇതോടനുബന്ധിച്ച് ഉടലെടുത്ത കേസുകളിലെ കോടതി വിധികളും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന് ബില്ലില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ ഭരണഘടനാനിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറലിസത്തിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തരമൊരു ഭേദഗതി അനിവാര്യമാണെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (ഭേദഗതി) എന്ന സ്വകാര്യ ബില്‍ അവതരിപ്പിച്ച് കൊണ്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം. പി. ചൂണ്ടിക്കാട്ടി.

രാജ്യത്ത് പാസാക്കുന്ന ഏത് നിയമങ്ങളും വ്യാഖ്യാനിക്കുന്നതിനുള്ള മൂലഗ്രന്ഥമായി കണക്കാകുന്നത് 1897ല്‍ പാസാക്കിയ ജനറല്‍ ക്ലോസസ് നിയമം ആണ്. മറ്റു നിയമങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥവും സംജ്ഞയും ജനറല്‍ ക്ലോസസ് നിയമത്തില്‍ അനുശാസിക്കുന്ന രീതിയിലാണ് കണക്കിലെടുക്കേണ്ടത് എന്നതിനാല്‍ തന്നെ ഇതിനെ നിയമങ്ങളുടെ നിയമം എന്നും പറയുന്നു. എന്നാല്‍ ഈ നിയമത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്കിന്റെ വ്യാഖ്യാനം നല്‍കിയിട്ടില്ലെന്നതിനാല്‍ പ്രസ്തുത വാക്ക് കൂടി ജനറല്‍ ക്ലോസസ് നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

 മാത്രമല്ല നിയമങ്ങളിലും ചട്ടങ്ങളിലും പുല്ലിംഗം ഉപയോഗിച്ചാല്‍ അത് സ്ത്രീലിംഗത്തെയും സ്ത്രീലിംഗം ഉപയോഗിച്ചാല്‍ അത് പുല്ലിംഗത്തെയും കൂടി ഉള്‍ക്കൊള്ളുന്നതാണെന്ന് മാത്രമേ നിലവില്‍ ജനറല്‍ ക്ലോസസ് നിയമത്തില്‍ അനുശ്ശാസിച്ചിട്ടുള്ളൂ എന്നതിനാല്‍ ഇതില്‍ ട്രാന്‍സ്‌ജെന്‍ഡറും ഉള്‍ക്കൊള്ളും എന്നുകൂടി ഭേദഗതി ചെയ്യണം. എന്നിങ്ങനെ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കു കൂടി നിയമങ്ങളുടെ പരിരക്ഷയും ആനുകൂല്യവും ഉറപ്പു വരുത്താന്‍ സഹായിക്കുന്നതിന് ഉതകുന്ന ഭേദഗതികളാണ് ജോണ്‍ ബ്രിട്ടാസ് എംപി തന്റെ ജനറല്‍ ക്ലോസസ് നിയമം (ഭേദഗതി) ബില്‍ എന്ന സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിലൂടെ ആവശ്യപ്പെട്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top