07 July Tuesday

ജെഎൻയുവിൽ നിരോധനാജ്ഞ: പൊലീസ്‌ ബാരിക്കേഡ്‌ കടന്ന്‌ വിദ്യാർഥി പ്രതിഷേധം; ഐഷെ ഘോഷ്‌ അടക്കം 15 ലധികം പേരെ അറസ്‌റ്റുചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

ന്യൂഡല്‍ഹി > ഫീസ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ച് പൊലീസ് തടഞ്ഞു. വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷെ ഘോഷ്‌ അടക്കം പതിനഞ്ചിലധികം വിദ്യാർഥികളെ അറസ്‌റ്റ്‌ ചെയ്‌തു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷവാസ്ഥ നിലനില്‍ക്കുകയാണ്. ജെഎന്‍യു ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്‌തു. വന്‍ പൊലീസ് സന്നാഹമാണ് മാര്‍ച്ച് തടയുന്നതിനായി വിന്യസിച്ചിട്ടുള്ളത്.

പൊലീസ്‌ അതിക്രമത്തിൽ നിരവധി വിദ്യാർഥികൾക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

ഇതിനിടെ ഫീസ് വര്‍ധന സംബന്ധിച്ച് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണിത്. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് തൊട്ടുമുമ്പാണ് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചത്. 
 
നേരത്തെ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. എന്നാല്‍ വിവാദ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനാണ് പുതിയ സമിതി രൂപീകരിച്ചത്. മുന്‍ യുജിസി വൈസ്. ചെയര്‍മാന്‍ പ്രൊഫ.വി എസ് ചൗഹാന്‍, എഐസിടിഇ ചെയര്‍മാന്‍ ഷഹസ്രബുധെ ചൗഹാന്‍, യുജിസി സ്രെക്രട്ടറി പ്രൊഫ.രജ്‌നീഷ് ജെയിന്‍ എന്നിവരാണ് സമതിയിലെ അംഗങ്ങള്‍. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

പ്രധാന വാർത്തകൾ
 Top