ന്യൂഡല്‍ഹി > ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാവുന്നു. തിങ്കളാഴ്ച്ച വിദ്യാര്‍ഥി യൂണിയന്റെ (ജെഎന്യുഎസ്യു) നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെ സംരക്ഷിക്കുന്നതിനാണ് മാര്‍ച്ച് നടത്തുന്നതെന്ന് ജെഎന്യുഎസ്യു പറഞ്ഞു.
വിദ്യാര്‍ഥികള്‍ യുണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന് ബ്ലോക്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്.
മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം.