25 August Sunday

'മുസ്ലിം വ്യക്തിത്വത്തിന്റെ പേരില്‍ വിവേചനവും പീഡനവും'; ജെഎന്‍യു വി സിക്കും സെന്റര്‍ മേധാവിക്കുമെതിരെ അധ്യാപികയുടെ പരാതി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ന്യൂഡല്‍ഹി > മുസ്ലിം വ്യക്തിത്വത്തിന്റെ പേരില്‍ തനിക്കു വിവേചനവും  മാനസിക പീഡനവും നേരിടേണ്ടി വരുന്നെന്ന പരാതിയുമായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ  അധ്യാപിക. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസിയിലെ (സിഎസ്എസ്ഇഐപി) അസിസ്റ്റന്റ് പ്രൊഫസര്‍ റോസിന നസീര്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ സര്‍വകലാശാല റജിസ്ട്രാര്‍ക്കു നോട്ടിസ് അയച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാര്‍, സെന്റര്‍ മേധാവി ജഗതി ചിന്ന റാവു എന്നിവര്‍ക്കെതിരെയാണ് ഗുരുതര ആരോപണങ്ങള്‍. തന്നെ  വേട്ടയാടുന്നുവെന്നും ശമ്പളം പോലും നിഷേധിക്കുന്നുവെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

താനൊരു മുസ്‌ലിം ആണെന്നതിനാലാണ് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമോയെന്ന പേടിയിലാണെന്നും ഇവര്‍  പറയുന്നു. 'ജോലി രാജിവച്ചില്ലെങ്കില്‍ സര്‍വകലാശാല ക്യാംപസില്‍ നിന്നു കാണാതായ വിദ്യാര്‍ഥി നജീബിന്റെ അവസ്ഥയുണ്ടാകുമെന്നും ഭയയുണ്ട്' പരാതിയില്‍ പറയുന്നു. തന്റെയും കുട്ടികളുടെയും സുരക്ഷയില്‍ ആശങ്കയുണ്ട്. ആറുവര്‍ഷത്തിലേറെയായി  ജെഎന്‍യുവില്‍ ജോലി ചെയ്യുന്നെങ്കിലും 2017 മാര്‍ച്ച് മുതലാണു തനിക്കുനേരെ മാനസിക പീഡനം ആരംഭിച്ചതെന്നും ഇവര്‍ പറഞ്ഞു.
 
ഏപ്രില്‍ മുതല്‍ ശമ്പളം നിഷേധിച്ചിരിക്കുകയാണെന്നും തന്നെ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും  ഇവര്‍ പറയുന്നു. ശക്തരായ രണ്ടു പുരുഷന്‍മാര്‍  തന്നെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.  എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളുടെ മേല്‍നേട്ട ജോലികള്‍ അനുവദിക്കുന്നില്ല, സെന്ററിലെ അധ്യാപക യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ല, ഔദ്യോഗിക ഇന്റര്‍നെറ്റ് സംവിധാനവും ഇമെയില്‍  വിലാസവും ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

യുജിസിയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണു റോസിനയെ ജെഎന്‍യുവില്‍ നിയമിച്ചതെന്നും സര്‍വകലാശാല ജീവനക്കാരിയല്ലെന്നുമാണ്  അധികൃതര്‍ അവകാശപ്പെടുന്നത്. പദ്ധതിയിലെ തുക യുജിസി അനുവദിക്കാന്‍ വൈകിയതാണ് ശമ്പളം വൈകാന്‍ കാരണമെന്നും ഇവര്‍ പറഞ്ഞു. റോസിനയുടെ പരാതിയില്‍ ഓഗസ്റ്റ് ഒന്നിനു മുന്‍പു മറുപടി നല്‍കാന്‍ കമീഷന്‍ നിര്‍ദ്ദേശിച്ചു.


പ്രധാന വാർത്തകൾ
 Top