22 February Saturday

നിസ്സഹകരണം; ജെഎൻയുവില്‍ ക്ലാസ് തുടങ്ങാനായില്ല

സ്വന്തം ലേഖകൻUpdated: Tuesday Jan 14, 2020

ന്യൂഡൽഹി > ജെഎൻയു വിദ്യാർഥികൾക്ക്‌ പിന്തുണയുമായി അധ്യാപകർ നിസ്സഹകരണം പ്രഖ്യാപിച്ചതോടെ ഏകപക്ഷീയമായി ക്ലാസുകൾ പുനരാരംഭിക്കാനുള്ള സർവകലാശാലയുടെ നീക്കം പാളി. ക്യാമ്പസിലെ സ്ഥിതി അരക്ഷിതമായി തുടരുകയാണെന്ന്‌ ചൂണ്ടിക്കാട്ടി അധ്യാപക അസോസിയേഷൻ സെമസ്റ്റർ രജിസ്‌ട്രേഷനും ക്ലാസുകളും ബഹിഷ്‌കരിച്ചു. ഇതുവരെ സംഭവിച്ചത്‌ മറന്ന്‌ അക്കാദമിക്‌ പ്രവർത്തനം തുടങ്ങണമെന്ന വൈസ്‌ ചാൻസലർ എം ജഗദേഷ്‌കുമാറിന്റെ നിർദേശം വിദ്യാർഥികളും അധ്യാപകരും തള്ളി.

ക്ലാസുകളുടെ സമയക്രമം രൂപീകരിക്കാനുള്ള  നിർദേശവും അധ്യാപകർ നടപ്പാക്കിയില്ല. വർധിപ്പിച്ച ഹോസ്‌റ്റൽ ഫീസ്‌ ഒഴിവാക്കി ട്യൂഷൻ ഫീസ്‌ മാത്രം അടച്ച്‌ രജിസ്‌ട്രേഷൻ നടപടിയുമായി സഹകരിക്കുമെന്ന്‌ വിദ്യാർഥി യൂണിയൻ അറിയിച്ചിരുന്നു. ഹോസ്‌റ്റൽഫീസ്‌ അടച്ചവർക്ക്‌ മാത്രം രജിസ്‌ട്രേഷൻ നൽകുന്ന നിലയിൽ രജിസ്‌ട്രേഷൻ പോർട്ടലിൽ അധികൃതർ മാറ്റംവരുത്തി. ഇതോടെയാണ്‌ അധ്യാപകർ നിസ്സഹകരണം പ്രഖ്യാപിച്ചത്‌. വിസി രാജിവയ്ക്കണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു. സ്‌കൂൾ ഓഫ് സാൻസ്‌ക്രിറ്റ് ആൻഡ് ഇൻഡിക് സ്റ്റഡീസിൽ ഏതാനും വിദ്യാർഥികൾ എത്തിയെങ്കിലും ഭൂരിപക്ഷവും വിട്ടുനിന്നു.

അധ്യാപകരുടെ തീരുമാനം സേവന കരാറിനുവിരുദ്ധമാണെന്ന്‌ രജിസ്‌ട്രാർ പ്രമോദ്‌കുമാർ പറഞ്ഞു. ക്യാമ്പസിലെ സാഹചര്യം അരക്ഷിതമായി തുടരുകയാണെന്ന്‌  മാനവവിഭവശേഷി വികസന മന്ത്രാലയവുമായി നടന്ന ചർച്ചയിൽ അധ്യാപകർ അറിയിച്ചിരുന്നു. ആക്രമണത്തെ തുടർന്ന്‌ ഭയചകിതരായ വിദ്യാർഥികളിൽ പലരും മടങ്ങിവന്നിട്ടില്ല. ഈ സാഹചര്യത്തിൽ ക്ലാസുകൾ തുടങ്ങാനാകാത്ത സാഹചര്യമാണെന്ന്‌ അധ്യാപക അസോസിയേഷൻ പ്രസിഡന്റ്‌ ഡി കെ ലോബിയാൽ പറഞ്ഞു.
ജെഎൻയുവിന്റെ ബൗദ്ധികനിലവാരത്തെ തകർക്കുന്ന നിലപാടാണ്‌ അധികൃതർ സ്വീകരിച്ചതെന്ന്‌ കുറ്റപ്പെടുത്തി വൈസ്‌ ചാൻസലർക്ക്‌ എമിററ്റസ്‌ പ്രൊഫസറായ അമിത്‌ ബദൂരി കത്തെഴുതി.  ഭരണപരമായ കാര്യശേഷിയില്ലാത്ത നിലപാടുകൾ മുമ്പും ഉണ്ടായിട്ടുണ്ട്‌. എന്നാൽ, അതിനൊപ്പം ജനാധിപത്യപരവും സ്വതന്ത്രവുമായ ജെഎൻയുവിലെ സാഹചര്യം അട്ടിമറിക്കാൻ ശ്രമമുണ്ടാകുന്നത്‌ ആദ്യമായാണെന്നും അമിത്‌ ബദൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top