12 November Tuesday

ജെഎൻയു യൂണിയൻ ഓഫീസ്‌ ഒഴിപ്പിക്കാൻ നീക്കം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

പി ആർ ചന്തുകിരൺUpdated: Wednesday Oct 16, 2019

ന്യൂഡൽഹി >  ജവാഹർലാൽ നെഹ്‌റു സർവകലാശാലാ വിദ്യാർഥി യൂണിയൻ ഓഫീസ്‌ ഒഴിപ്പിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ വിദ്യാർഥി പ്രതിഷേധം. സ്റ്റുഡൻസ്‌ ആക്ടിവിറ്റി സെന്ററിലുള്ള മുറി ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിനുള്ളിൽ ഒഴിയണമെന്ന് കാണിച്ച്‌ ചൊവ്വാഴ്‌ചയാണ്‌ നോട്ടീസ്‌ പുറത്തിറക്കിയത്‌.

വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കാനുള്ള നീക്കമാണ്‌ നടക്കുന്നതെന്ന്‌ യൂണിയൻ പ്രതികരിച്ചു. യൂണിയൻ ഓഫീസിനുമുന്നിൽ  ബുധനാഴ്‌ച വൈകിട്ടുമുതൽ വിദ്യാർഥികൾ പ്രതിഷേധ ധർണ നടത്തുകയാണ്‌.

ലിങ്‌ദോ കമീഷൻ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന 2018–-19ലെ യൂണിയനെതിരെയുള്ള പരാതി കോടതി പരിഗണനയിലായതിനാൽ യൂണിയന്‌ അംഗീകാരം നൽകിയിട്ടില്ലെന്ന്‌ നോട്ടീസ്‌ പറയുന്നു. ചൊവ്വാഴ്‌ച നടന്ന അക്കാദമിക്‌ കൗൺസിൽ യോഗത്തിൽ വിദ്യാർഥി യൂണിയൻ പ്രതിനിധികളെ പങ്കെടുപ്പിച്ചില്ല. ജെഎൻയു അധ്യാപക അസോസിയേഷൻ പ്രതിനിധികളെയും യോഗത്തിൽനിന്ന്‌ പുറത്താക്കി.

അധ്യാപക–-വിദ്യാർഥി പ്രതിനിധികളെ ഒഴിവാക്കിയ യോഗം ചർച്ചയില്ലാതെ സംസ്‌കൃത സ്‌കൂളിനുകീഴിൽ ആയുർവേദ ജീവശാസ്‌ത്ര കോഴ്‌സ്‌ തുടങ്ങാൻ തീരുമാനിച്ചു. സംഗീത–-നൃത്ത സ്‌കൂൾ തുടങ്ങാനും തീരുമാനമെടുത്തിട്ടുണ്ട്‌.

വിദ്യാർഥി യൂണിയൻ ഓഫീസ്‌ ഒഴിപ്പിക്കാനുള്ള ജെഎൻയു അധികൃതരുടെ സ്വേച്ഛാധിപത്യപരമായ നീക്കം അപലപനീയമെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top