17 January Friday

ജെഎന്‍യു വിദ്യാർഥി അനുകൂല നിലപാട്‌: ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ സ്ഥലംമാറ്റി

പി ആർ ചന്തുകിരൺUpdated: Friday Dec 13, 2019

ന്യൂഡൽഹി >  ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധനയ്‌ക്കെതിരെ തുടരുന്ന പ്രക്ഷോഭത്തിൽ വിദ്യാർഥികൾക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യത്തെ സ്ഥലംമാറ്റി. മാനവവിഭവശേഷി മന്ത്രാലയത്തിൽനിന്നും സാമൂഹ്യനിതി മന്ത്രാലയത്തിലേക്കാണ്‌ വെള്ളിയാഴ്‌ച സ്ഥലംമാറ്റിയത്‌.

ഏകപക്ഷീയ പരിഷ്‌ക്കാരങ്ങൾക്കെതിരെ സമരംചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്ന നിലപാടായിരുന്നു മുൻ ജെഎൻയു വിദ്യാർഥിയും 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ സുബ്രഹ്മണ്യത്തിന്റേത്‌. അമിത് ഖരേയാണ് പുതിയ ഉന്നത വിദ്യാഭ്യാസ, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറി.

ഫീസുകൾ പൂർണ്ണമായി പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കണമെന്ന്‌ സുബ്രഹ്മണ്യം നിർദ്ദേശിച്ചിരുന്നു. വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കരുതെന്ന വൈസ് ചാൻസിലർ എം ജഗദീഷ്‌കുമാറിന്റെ നിലപാടിനൊപ്പമാണ്‌ കേന്ദ്ര സർക്കാർ നിലകൊണ്ടത്‌.

കേന്ദ്രമന്ത്രി രമേഷ്‌ പൊഖ്രിയാലിനെ ആറ്‌ മണിക്കൂർ തടഞ്ഞുവെച്ച്‌ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഇതോടെ, വിഷയം പരിഹരിക്കാൻ മൂന്നംഗ ഉന്നതാധികാര സമിതിയെ മന്ത്രാലയം നിയോഗിച്ചു. സമിതി റിപ്പോർട്ട്‌ തയാറാക്കി അമർപ്പിച്ചെങ്കിലും നിർദ്ദേശങ്ങൾ പുറത്തുവിട്ടില്ല. വിദ്യാർഥികൾക്ക്‌ അനുകൂലമായതിനാലാണ്‌ പ്രസിദ്ധീകരിക്കാത്തതെന്നാണ്‌ വിവരം.

അതിനിടെ, രാജ്യത്തെ ഒരു കേന്ദ്ര സർവകലാശാലയിലും ഫീസ് വർധനയ്ക്ക് സർക്കാർ നിർദേശിച്ചിട്ടില്ലെന്ന്  മന്ത്രി രമേഷ് പൊഖ്രിയാൽ  കഴിഞ്ഞ തിങ്കളാഴ്ച പാർലമെന്റിൽ പറഞ്ഞു. മന്ത്രാലയം ഉദ്യോഗസ്ഥർ ജെഎൻയു വിദ്യാർഥികളുമായി ഒന്നിലേറെ തവണ നടത്തിയ ചർച്ചകളും വിജയിച്ചില്ല. ഒരു മാസത്തിലേറെയായി വിദ്യാർത്ഥികൾ പഠിപ്പ്‌ മുടക്കി സമരം തുടരുകയാണ്‌. സെമസ്‌റ്റർ പരീക്ഷയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്‌ചയും വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌ക്കരിച്ചു.
 


പ്രധാന വാർത്തകൾ
 Top