29 February Saturday

ജെഎൻയു വിദ്യാർഥികൾ സെർവർ റൂം തകർത്തിട്ടില്ലെന്ന്‌

സ്വന്തം ലേഖകൻUpdated: Tuesday Jan 21, 2020

ന്യൂഡൽഹി > ജെഎൻയുവിലെ ആക്രമണത്തിൽ സർവകലാശാലാ അധികൃതരും പൊലീസും ഇടതുപക്ഷ വിദ്യാർഥികൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റെന്ന്‌ വിവരാവകാശരേഖ. സിസിടിവി സെർവർ റൂം വിദ്യാർഥികൾ തകർത്തെന്ന വൈസ്‌ ചാൻസലർ എം ജഗദേഷ്‌കുമാറിന്റെ വാദം സർവകലാശാലയുടെ കമ്യൂണിക്കേഷൻ ആൻഡ്‌ ഇൻഫർമേഷൻ സർവീസസ്‌(സിഐഎസ്‌) ഓഫീസ്‌ നിഷേധിച്ചു.

സർവകലാശാലയുടെ പരാതിയിൽ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ ജനുവരി ഒന്നിന്‌  വിദ്യാഥികൾ സെർവർ റൂം തകർത്തെന്നാണുള്ളത്‌. അത്തരത്തിൽ ഒരു ആക്രമണം ഉണ്ടായിട്ടില്ലെന്ന്‌ വിവരാവകാശപ്രവർത്തകൻ സൗരവ്‌ദാസിന്റെ അപേക്ഷയിൽ നൽകിയ മറുപടിയിൽ സിഐഎസ്‌ പറഞ്ഞു.

ജനുവരി മൂന്നിനും നാലിനും പ്രധാന സെർവറിന്റെ പ്രവർത്തനം മുടങ്ങി. വൈദ്യുതി മുടങ്ങിയതിനെത്തുടർന്നാണ്‌ നാലിന്‌ പ്രവർത്തനം മുടങ്ങിയത്‌. തുടർന്ന്‌ സെർവർ പൂർവസ്ഥിതിയിലാക്കി.

സംഘപരിവാർ ആക്രമണമുണ്ടായ ജനുവരി അഞ്ചിലെ പകൽ മൂന്നുമുതൽ രാത്രി 11വരെയുള്ള സിസിടിവി ദൃശ്യങ്ങൾ തങ്ങളുടെ കൈവശമില്ലെന്നും സർവകലാശാല അറിയിച്ചു. ഇതിനൊപ്പം ജനുവരി മൂന്നുമുതൽ ഒമ്പതുവരെ സെർവറിന്റെ സേവനം തടസ്സപ്പെട്ടെന്ന്‌ ചൂണ്ടിക്കാട്ടി ഗ്രാഫും നൽകി. ഈ ഗ്രാഫ്‌ പ്രകാരം ഈ ദിവസങ്ങളിൽ സെർവർ പ്രവർത്തിച്ചിരുന്നെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. സിസിടിവി സെർവറുകൾ സിഐഎസ്‌ ഓഫീസിൽ അല്ല, ഡാറ്റാ സെന്ററിലാണ്‌.

ഒരു സിസിടിവി ക്യാമറപോലും നശിപ്പിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ തുടർച്ചയായി ക്ലൗഡ്‌ കംപ്യൂട്ടിങ്‌ സിസ്‌റ്റത്തിൽ അപ്‌ലോഡ്‌ ചെയ്യാറില്ലെന്നും മറുപടിയിൽ പറഞ്ഞു. ദൃശ്യങ്ങൾ ക്ലൗഡ്‌ കംപ്യൂട്ടിങ്‌ സിസ്റ്റത്തിൽ അപ്‌ലോഡ്‌ ചെയ്യുന്നെന്നാണ്‌ ജെഎൻയുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ അവകാശപ്പെടുന്നത്‌.


പ്രധാന വാർത്തകൾ
 Top