14 December Saturday

ജെഎൻയു വിദ്യാർഥികൾക്കുനേരെ പൊലീസ്‌ നരനായാട്ട്‌; രാത്രി തെരുവു വിളക്കുകൾ അണച്ച്‌ ക്രൂരമർദ്ദനം

പി ആർ ചന്തുകിരൺUpdated: Monday Nov 18, 2019

ന്യൂഡൽഹി > രാജ്യതലസ്ഥാനത്ത്‌ നിയമം കാറ്റിൽപ്പറത്തി ജെഎൻയു വിദ്യാർഥികൾക്കുനേരെ നരനായാട്ട്‌. ഫീസ്‌ വർധനയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ രാത്രി തെരുവു വിളക്കുകൾ അണച്ചശേഷം പൊലീസ്‌ ക്രൂരമായി മർദ്ദിച്ചു. പുരുഷ പൊലീസുകാരുടെ നേതൃത്വത്തിലാണ്‌ ജോർബാഗിൽ ഉപരോധസമരം തുടർന്ന പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ തല്ലിച്ചതച്ചത്‌. വീൽച്ചെയറിലെത്തിയ ഭിന്നശേഷിക്കാരായ വിദ്യാർഥികളും ഇരുട്ടിൽ ലാത്തിച്ചാർജ്ജിൽപ്പെട്ടു.

 മാനവവിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥരുമായി ഒത്തുതീർപ്പ്‌ ചർച്ചയ്‌ക്കെന്നപേരിൽ വാഹനത്തിൽകൊണ്ടുപോയ പ്രസിഡന്റ്‌ ഐഷിഘോഷ്‌ അടക്കമുള്ള നാല്‌ വിദ്യാർഥി യൂണിയൻ ഭരവാഹികളെ വഴിയിൽ ഇറക്കിവിട്ടശേഷമായിരുന്നു മർദ്ദനം. രാത്രി വൈകിയതിനാൽ ചർച്ചയില്ലെന്നും വിദ്യാർഥികളോട്‌ പിരിഞ്ഞുപോകാൻ ആവശ്യപ്പെടണമെന്നും ഭാരവാഹികളോട്‌ പൊലീസ്‌ ആവശ്യപ്പെട്ടു. ചർച്ച നടത്താതെ മടങ്ങില്ലെന്ന്‌ നേതാക്കളും വിദ്യാർഥികളും അറിയിച്ചതോടെയാണ്‌ തെരുവിവിളക്കുകൾ അണച്ച്‌ വിദ്യാർഥികളെ പൊലീസ്‌ തല്ലിച്ചതച്ചത്‌.

ഫീസ്‌ വർധനയടക്കമുള്ള വിദ്യാർഥിവിരുദ്ധ പ്രഖ്യാപനങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ പാർലമെന്റിലേക്ക്‌  മാർച്ച്‌ നടന്നത്‌. ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസമായ തിങ്കളാഴ്‌ച മാർച്ചിനെ നേരിടാൻ വൻസന്നാഹമാണ്‌ ഡൽഹി പൊലീസും സിആർപിഎഫും ചേർന്ന്‌ രാവിലെ മുതൽ ഒരുക്കിയത്‌.  നിരോധനാജ്ഞയും സുരക്ഷാസേനകളുടെ പത്ത്‌ കമ്പനി അംഗങ്ങളെയും മറികടന്ന്‌ വിവിധ വഴികളിലൂടെ വിദ്യാർഥികൾ ഇരമ്പിയെത്തി.

 യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌, എസ്‌എഫ്‌ഐ കേന്ദ്രസെക്രട്ടറിയറ്റ്‌ അംഗം നിതീഷ്‌ നാരായണൻ എന്നിവരടക്കം 56 വിദ്യാർഥികളെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. വിദ്യാർഥികളെ ഒറ്റതിരഞ്ഞ്‌ ക്രൂരമായി ആക്രമിച്ചു. പെൺകുട്ടികളെ പുരുഷ പൊലീസുകാർ വ്യാപകമായി മർദ്ദിച്ചു. തല്ലിച്ചതച്ചും നേതാക്കളെ കസ്‌റ്റഡിയിലെടുത്തും സമരാവേശം കെടുത്താനുള്ള പൊലീസിന്റെ നടപടികളെ വെല്ലുവിളിച്ച വിദ്യാർഥി മുന്നേറ്റത്തിനാണ്‌ ഡൽഹി സാക്ഷ്യം വഹിച്ചത്‌.
 
സർവകലാശാലയുടെ പൂട്ടിയിട്ട ഗേറ്റുകളും മൂന്നോളം ബാരിക്കേഡുകളും മറികടന്ന വിദ്യാർഥികളെ ഉച്ചയോടെ ക്യാമ്പസിന്‌ ഒരുകിലോമീറ്റർമാറി ബാബഗംഗനാഥ്‌ മാർഗിലെ കേന്ദ്രീയവിദ്യാലയത്തിനു സമീപം പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ ബിക്കാജി കാമപ്ലേസ്‌ വഴി മാർച്ച്‌ ചെയ്‌ത വിദ്യാർഥികളെയും തടഞ്ഞു. വൈകിട്ടോടെ സഫ്‌ദർജങ്‌ ടോമ്പിന്‌ സമീപം എത്തിയ വിദ്യാർഥി മർച്ചിനുനേരെ പൊലീസ്‌ ലാത്തിവീശി. കസ്‌റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ വിദ്യാർഥികൾ ജോർബാഗിൽ റോഡ്‌ ഉപരോധിച്ചു.

പാർലമെന്റിന്‌ സമീപത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ്‌ സമീപത്തെ നാല്‌ മെട്രോസ്‌റ്റേഷനുകൾ അടച്ചിട്ടു. രാഷ്‌ട്രപതിഭവനിലേക്കും പാർലമെന്റിലേക്കുമുള്ള രാജ്‌പഥ്‌ അടക്കമുള്ള വഴികളിൽ കർശന നിയന്ത്രണവും പൊലീസ്‌ ഏർപ്പെടുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top