24 October Thursday

ജെഎൻയു; വേട്ടയാടലുകളെ അതിജീവിച്ച ചരിത്രജയം

സ്വന്തം ലേഖകൻUpdated: Monday Sep 9, 2019

ന്യൂഡൽഹി > തീവ്രഹിന്ദുത്വ ആശയങ്ങൾക്ക്‌ പടരാൻ അവസരമൊരുക്കാമെന്ന സർക്കാരിന്റെയും സർവകലാശാല അധികൃതരുടെയും ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയാണ്‌ ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്‌ ഫലം. തീവ്ര ദേശീയതയുടെ ചിറകിലേറി ജെഎൻയുവും കീഴടക്കാമെന്ന പ്രതീക്ഷയിലായിരുന്നു എബിവിപി. സംഘപരിവാറിന്റെ മുഴുവൻ സന്നാഹങ്ങളും ഉപയോഗിച്ചായിരുന്നു അവർ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങൾ നടത്തിയത്‌. 

ഡൽഹിയിലെ ബിജെപി എംപിമാരും പ്രചാരണത്തിന്‌ ചുക്കാൻപിടിച്ചു. ‘ജെഎൻയുവിനെ മോഡി സർവ്വകലാശാലയാക്കി മാറ്റണം’–- എന്ന്‌ ബിജെപി എംപി ഹാൻസ്‌രാജ്‌ ഹാൻസ്‌ ആവശ്യപ്പെട്ടു. ജെഎൻയുവിന്റെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ചായാലും ഇക്കുറി വിജയം നേടണമെന്ന വാശിയിലായിരുന്നു സംഘപരിവാർ. വൈസ്‌ചാൻസലർ ഉൾപ്പടെയുള്ള സർവകലാശാല ഭാരവാഹികൾ ഇതിന്‌ കൂട്ടുനിന്നു. 

അടൽ ബിഹാരി വാജ്‌പേയ്‌ സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റ്‌ ആൻഡ്‌ എന്റർപ്രണർഷിപ്പ്‌, ദേശീയ സുരക്ഷാപഠനത്തിനായി പ്രത്യേക കേന്ദ്രം, സംസ്‌കൃതത്തിനും ഇന്ത്യാപഠനത്തിനുമായി സ്‌കൂൾ തുടങ്ങി  നിരവധി  പുതിയ സംരംഭങ്ങൾ തുടങ്ങി. ജെഎൻയുവിൽ നിലവിലുള്ള സ്‌കൂളുകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ പ്രവർത്തനങ്ങളാണ്‌ ഈ പുതിയ സ്‌കൂളുകളിൽ നടക്കുന്നത്‌. സർവകലാശാലയുടെ പ്രതിച്ഛായ മാറ്റിമറിക്കാനുള്ള ആസൂത്രിത നീക്കമാണ്‌ ഇവിടെ. വിദ്യാർഥികൾക്കൊപ്പം അധ്യാപകരെയും ‘നിലയ്‌ക്ക്‌ നിർത്താനുള്ള’ നീക്കങ്ങൾക്കും അധികൃതർ തുടക്കം കുറിച്ചു. 48 അധ്യാപകർക്ക്‌ കാരണംകാണിക്കൽ നോട്ടീസ്‌ നൽകി. രാജ്യത്തെയും ലോകത്തെയും ബാധിച്ച നിർണായകവിഷയങ്ങളിൽ ഊന്നിയായിരുന്നു ഇക്കുറിയും തെരഞ്ഞെടുപ്പ്‌ സംവാദങ്ങൾ നടന്നത്‌. 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിയും ആമസോൺ മഴക്കാടുകളിലെ തീപിടിത്തവും എല്ലാം ചർച്ചയായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top