07 July Tuesday

ശ്രമം ജെഎൻയു എന്ന ആശയം തകർക്കാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

നിതീഷ്‌ നാരായണൻ

നിതീഷ്‌ നാരായണൻ

  സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നല്ല സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു ജെഎൻയു.  സർവകലാശാലാസമൂഹത്തിന്റെ നേതൃത്വം വിദ്യാർഥികളും അധ്യാപകരും  ഉൾപ്പെടുന്ന അക്കാദമിക്ക്‌ കൂട്ടായ്‌മ കൈയാളണം. ഭരണാധികാരികൾ അതിന്റെ ധൈഷണികസ്വഭാവത്തിൽ അധികാരപ്രമത്തതയോടെ ഇടപെടരുത്. ഈ കാഴ്ചപ്പാടിന്റെ ആരംഭമായിരുന്നു അത്.
സ്വതന്ത്രചിന്തയുടെയും തീക്ഷ്ണമായ സംവാദങ്ങളുടെയും  ജൈവികമായ അറിവുൽപ്പാദനത്തിന്റെയും കേന്ദ്രങ്ങളായി സർവകലാശാലകൾ പരിവർത്തനം ചെയ്യപ്പെടണമെങ്കിൽ വിശാല അർഥത്തിൽ അതിനെ സമീപിക്കേണ്ടതുണ്ട്. അത്തരം സർവകലാശാലയെക്കുറിച്ചുള്ള ചർച്ചയ്‌ക്ക് രാജ്യത്ത്‌  തുടക്കം കുറിച്ചത് ജെഎൻയുവാണ്.

ലോകത്തെ വലിയ സർവകലാശാലകളിൽ അധ്യാപകരാകാനുള്ള ക്ഷണം നിരസിച്ച് ഇന്ത്യയിൽ അത്തരം സർവകലാശാല ഉണ്ടാകണം എന്ന ആഗ്രഹത്താൽ ആ പദ്ധതിയുടെ ഭാഗമായ റോമില ഥാപ്പറിനെയും പ്രഭാത് പട്നായിക്കിനെയും പോലെയുള്ള ധിഷണാശാലികൾ ഇതു സാക്ഷ്യപ്പെടുത്തുന്നു. വിദ്യാർഥിസമരങ്ങളും അവർക്കിടയിൽ ഉയർന്നുവന്ന ആശയങ്ങളും ജെഎൻ യുവിനെ ഓരോ ഘട്ടത്തിലും പരിവർത്തനപ്പെടുത്തി. സാമൂഹ്യനീതിയുടെയും സംവരണത്തിന്റെയും ചർച്ച എഴുപതുകളിൽത്തന്നെ വിദ്യാർഥികളാണ്‌ ഉയർത്തിയത്. പിന്നോക്ക ജില്ലകളിലെ വിദ്യാർഥികൾക്ക്‌ പരിഗണന ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള  പ്രവേശനയം അംഗീകരിക്കപ്പെട്ടത് വിദ്യാർഥിസമരങ്ങളിലൂടെയാണ്.

ഇതിന്റെയെല്ലാം ഫലമായി മതനിരപേക്ഷതയുടെയും ജനാധിപത്യചിന്തകളുടെയും യുക്തിയുടെയും തുല്യനീതിയെക്കുറിച്ചുള്ള നിരന്തരമായ പരിശോധനകളുടെയും കേന്ദ്രമായി ജെഎൻയു മാറി. ഈ മാതൃക തകർക്കുകയെന്ന അജൻഡ സംഘപരിവാർ  വർഷങ്ങൾക്കുമുമ്പ്‌  ആരംഭിച്ചതാണ്. വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കുന്ന കാവിവൽക്കരണത്തിന്റെയും കച്ചവടവൽക്കരണത്തിന്റെയും പരീക്ഷണശാലയാക്കി ജെഎൻയുവിനെ മാറ്റാനുള്ള ശ്രമം ഒന്നാം മോഡിസർക്കാർ  തന്നെ ആരംഭിച്ചു.

‘ദേശദ്രോഹ’ ചാപ്പകുത്തി ക്യാമ്പസിനെ ഒറ്റപ്പെടുത്തുക, ജനാധിപത്യാവകാശം അടിച്ചമർത്തി സർവകലാശാലയെ നിശ്ശബ്ദമാക്കുക, കനത്ത അച്ചടക്കനടപടിയെടുത്ത്‌ വിദ്യാർഥിപ്രവർത്തകരെ വേട്ടയാടുക, അധ്യാപകനിയമനങ്ങളിൽ അക്കാദമിക് സമിതികളുടെ അഭിപ്രായം തള്ളിയും മെറിറ്റ്അട്ടിമറിച്ചും സംഘപരിവാർ സഹയാത്രികരെ തിരുകിക്കയറ്റുക, അതുവഴി അധ്യാപകർക്കിടയിൽ സ്വാധീനം വർധിപ്പിക്കുകയും അധ്യാപകരെ വിഘടിപ്പിക്കുകയുംചെയ്യുക ഇതൊക്കെ ഈ നീക്കത്തിന്റെ ഭാ​ഗമായി നടക്കുന്നു. ക്യാമ്പസിനകത്ത്‌ വലിയ ഫീസിൽ സ്വാശ്രയകോഴ്സ് ആരംഭിച്ച് രണ്ടുതരം വിദ്യാർഥികളെ സൃഷ്ടിച്ചു. വിദ്യാർഥികളോട്‌ ഐക്യപ്പെടുന്ന അധ്യാപകർക്ക് കാരണംകാണിക്കൽ നോട്ടീസ്‌ ‌അയച്ചു.

പുതിയ ഹോസ്റ്റൽ മാന്വൽ നടപ്പായാല്‍ 40 ശതമാനം വിദ്യാർഥികൾക്കെങ്കിലും പഠനം അസാധ്യമാകും. അതോടെ, ജെഎൻ യുവിലെ വിദ്യാർഥികളുടെ സാമൂഹികപശ്ചാത്തലത്തിന്റെ ഉള്ളടക്കം മാറും. സർവകലാശാല സമ്പന്നര്‍ക്കുമുന്നിൽ മാത്രം തുറക്കപ്പെടുന്ന ഒന്നാകും.

ജെഎൻയുവിൽ ഉണ്ടായത്‌ വളരെ ചെറിയ ഫീസ്‌ വർധനയല്ലേ എന്ന ‘നിഷ്കളങ്ക’ചോദ്യം ഉയർത്തുന്നവരുണ്ട്. അവർ മനസ്സിലാക്കേണ്ട  കാര്യം അവർ ചൂണ്ടിക്കാട്ടുന്ന ക്യാമ്പസുകളിലൊന്നും കാണാത്തത്രയും ഒന്നാംതലമുറവിദ്യാർഥികളെ ജെഎൻയുവിൽ കാണാം എന്നതാണ്. തോട്ടംതൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും റിക്ഷാവലിക്കാരുടെയും ചേരിനിവാസികളുടെയുമെല്ലാം മക്കൾ ജെഎൻയുവിൽ പഠിക്കുന്നുണ്ട്. അവരെല്ലാം തുല്യനീതിയും സാമൂഹ്യനീതിയും വാഴുന്ന ലോകത്തെക്കുറിച്ച്സ്വപ്നം കാണുന്നവരും അതിനായി ശബ്ദമുയർത്തുന്നവരുമാണ്‌. 

ജെഎൻയുവിലെ 50  ശതമാനം വിദ്യാർഥികളുടെ കുടുംബത്തിന്റെ വാർഷികവരുമാനം പുതിയ ഹോസ്റ്റൽ മാന്വൽ പ്രകാരം വർധിപ്പിക്കുന്ന ഫീസിനേക്കാൾ കുറവാണ്. അവരൊക്കെ എന്ത്ചെയ്യും എന്നതാണ്‌ ചോദ്യം. വിദ്യാർഥിസമൂഹത്തെ അട്ടിമറിക്കുകവഴി ജെഎൻയുവിന്റെ മൂല്യബോധത്തെയും നിലപാടുകളെയുംകൂടി അട്ടിമറിക്കാം എന്ന കണക്കുകൂട്ടലിലാണ് സംഘപരിവാർ.  ഗോശാലകളിൽ ഇന്ത്യയെ  കെട്ടിയിടാനുള്ള ആഗ്രഹപൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്‌പ്‌. 
 


പ്രധാന വാർത്തകൾ
 Top