29 February Saturday

ജെഎന്‍യു: പഴയ ഫീസ് ഘടനയില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി

പി ആർ ചന്തുകിരൺUpdated: Friday Jan 24, 2020

ന്യൂഡൽഹി >  ജെഎൻയുവിൽ സെമസ്‌റ്റർ രജിസ്‌ട്രേഷൻ നടത്താത്ത വിദ്യാർഥികൾക്ക്‌ പഴയ നിരക്കിൽ രജിസ്‌ട്രേഷൻ നടത്താൻ ഡൽഹി ഹൈക്കോടതി അനുവാദം നൽകി. ഈ വിദ്യാർഥികൾ ഒരാഴ്‌ചയ്‌ക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ഇവരിൽനിന്ന്‌ പിഴ ഈടാക്കരുതെന്നും ജസ്‌റ്റിസ്‌ രാജീവ്‌ ശക്‌ധർ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

സംവരണ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികളുടെ രജിസ്‌ട്രേഷനിലും ഭേദഗതിക്കു മുമ്പുള്ള ഹോസ്‌റ്റൽ മാനുവൽ പാലിക്കണം. വിദ്യാർഥികളുമായി സർവകലാശാല ചർച്ചയ്‌ക്ക്‌ തയാറായി പരിഹാരം കാണണമെന്നും കോടതി നിർദ്ദേശിച്ചു. ജെഎൻയു, കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം, യുജിസി എന്നിവർക്ക്‌ കോടതി നോട്ടീസയച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മറുപടി നൽകാനും നിർദ്ദേശിച്ചു. ഫീസ്‌ വർധനയടക്കം വരുത്തി സർവകലാശാല അധികൃതർ ഹോസ്‌റ്റൽ മാനുവലിൽ വരുത്തിയ ഭേദഗതികൾ ചോദ്യം ചെയ്‌ത്‌ വിദ്യാർഥി യൂണിയൻ നൽകിയ ഹർജിയിലാണ്‌ കോടതിയുടെ ഇടക്കാല ഉത്തരവ്‌.

ഫീസ്‌ വർധിപ്പിച്ച്‌ വിദ്യാർഥികൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. പൊതു സർവകലാശാലയിൽ കരാർ തൊഴിലാളികൾക്ക്‌ ശമ്പളം കൊടുക്കേണ്ടതിന്റെ ഭാരം വിദ്യാർഥികൾക്കുമേൽ ചുമത്താനാകില്ല. അതിന്‌ പണം കണ്ടെത്തേണ്ടത്‌ സർക്കാരിന്റെ ബാധ്യതയാണെന്നും ജസ്‌റ്റിസ്‌ രാജിവ്‌ ശക്‌ധർ പറഞ്ഞു. യുജിസിയുടെ സർക്കുലർ പ്രകാരമാണ്‌ ഫീസ്‌ വർധനയെന്ന്‌ സർവകലാശാലയ്‌ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ്‌ പറഞ്ഞു.

 400 കരാർ തൊഴിലാളികൾക്ക്‌ ശമ്പളം നൽകാനാണ്‌ സർവകലാശാല ഫീസ്‌ വർധിപ്പിച്ചതെന്നും അവർ പറഞ്ഞു. ഭയന്നാണ്‌ ഒരു വിഭാഗം വിദ്യാർഥികൾ ഫീസ്‌ അടച്ചതെന്ന്‌ വിദ്യാർഥി യൂണിയനുവേണ്ടി ഹാജരായ അമിത്‌ സിബൽ പറഞ്ഞു. ഫീസ്‌ അടയ്‌ക്കാത്തവരെ രജിസ്‌റ്റർ ചെയ്യാൻ അനുവദിക്കില്ലെന്നാണ്‌  സർവകലാശാല അറിയിച്ചതെന്നും  അമിത്‌ സിബൽ ചൂണ്ടിക്കാട്ടി.

വിദ്യാർഥികൾ പറയുന്നത്‌ കേൾക്കാൻ സർവകലാശാല അധികൃതർ തയാറാകണമെന്ന്‌ കോടതി നിർദ്ദേശിച്ചു. എന്തുകൊണ്ടാണ്‌ ജെഎൻയു വിഷയം വഷളാക്കുന്നത്‌. സംഭവിച്ചതൊക്കെ മാറ്റിവെച്ച്‌ ചർച്ചകളിലൂടെ മുന്നോട്ടുപോകണമെന്നും അധികൃതരോട്‌ ജസ്‌റ്റിസ്‌  രാജീവ്‌ ശക്‌ധർ നിർദ്ദേശിച്ചു. ഫെബ്രുവരി 28ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

2019 ഒക്‌ടോബർ 28ന്‌ മാനുവൽ ഭേദഗതി ചെയ്‌ത ഇന്റർഹാൾ അഡ്‌മിനിസ്‌ട്രേഷൻ യോഗം, ഭേദഗതിക്ക്‌ അംഗീകാരം നൽകിയ  എക്‌സിക്യൂട്ടീവ്‌ കൗൺസിൽ, ഉന്നതാധികാര സമിതി യോഗങ്ങളുടെ തീരുമാനങ്ങൾ റദ്ദാക്കണമെന്ന്‌ ഹർജിയിൽ ആവശ്യപ്പെട്ടു. ക്ലാസുകളും അക്കാദമിക്‌ പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന്‌ വിദ്യാർഥി യൂണിയൻ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top