16 February Saturday

ജെഎൻയു: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത‌് എബിവിപിക്കാർ തന്നെ; വെളിപ്പെടുത്തലുമായി മുന്‍ എബിവിപി നേതാക്കള്‍

എം പ്രശാന്ത‌്Updated: Thursday Jan 17, 2019

ന്യൂഡൽഹി > ജെഎൻയു ക്യാമ്പസിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചത‌് എബിവിപി പ്രവർത്തകരാണെന്ന‌് മുൻ എബിവിപി നേതാക്കളുടെ വെളിപ്പെടുത്തൽ. എബിവിപി ജെഎൻയു യൂണിറ്റ‌് ജോയിന്റ‌് സെക്രട്ടറിയായിരുന്ന പ്രദീപ‌് നർവാൾ, വൈസ‌്പ്രസിഡന്റായിരുന്ന ജതിൻ ഗൊരായ എന്നിവരാണ‌് വെളിപ്പെടുത്തൽ നടത്തിയത‌്. ദളിത‌് വിദ്യാർഥിയായ രോഹിത‌് വെമുലയുടെ ആത്മഹത്യയെ തുടർന്ന‌് കേന്ദ്ര സർക്കാർ പ്രതിരോധത്തിലായ ഘട്ടത്തിൽ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി ആർഎസ‌്എസും ബിജെപിയും എബിവിപിയും ആസൂത്രണം ചെയ‌്തതാണ‌് ജെഎൻയുവിലെ ഇന്ത്യാ വിരുദ്ധ പ്രകടനമെന്നും ഇവർ വ്യക്തമാക്കി.

പാർലമെന്റ‌് ആക്രമണക്കേസിൽ പ്രതിയായിരുന്ന അഫ‌്സൽ ഗുരു തൂക്കിലേറ്റപ്പെട്ടതിന്റെ വാർഷികദിനമായ 2016 ഫെബ്രുവരി ഒമ്പതിന‌് ഒരു സംഘം ക്യാമ്പസിൽ പ്രകടനം നടത്തി. പ്രകടനത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന‌് ആരോപിച്ച‌് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യകുമാറടക്കം ഒമ്പതുപേർക്കെതിരേ കേസെടുത്തു. ചില ടിവി ചാനലുകൾ മുദ്രാവാക്യം മുഴക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച‌് കഴിഞ്ഞ ദിവസം ഡൽഹി പൊലീസ‌് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ‌്തു.

കുറ്റപത്രം സമർപ്പിച്ചതോടെ വീണ്ടും മാധ്യമവിചാരണ ആരംഭിച്ചതായി നർവാൾ പറഞ്ഞു. എ‌ഫ‌്ഐആർ രജിസ‌്റ്റർ ചെയ‌്ത‌് 90 ദിവസങ്ങൾക്കകമാണ‌് കുറ്റപത്രം സമർപ്പിക്കേണ്ടത‌്.  ഇവിടെ മൂന്നുവർഷത്തിന‌് ശേഷമാണ‌് കുറ്റപത്രം–- നർവാൾ അഭിപ്രായപ്പെട്ടു.
രോഹിത വെമുല വിഷയത്തിൽ സർക്കാരിനെതിരായി ഉയർന്ന പ്രതിഷേധത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനായി എബിവിപിയും സംഘപരിവാറും ആസൂത്രണം ചെയ‌്തതാണ‌് ഇന്ത്യാവിരുദ്ധ മുദ്രാവാക്യവിവാദം. നാല‌് വീഡിയോകളാണ‌് ചാനലുകൾ പുറത്തുവിട്ടത‌്. ഇതിന്റെ അടിസ്ഥാനത്തിലാണ‌് കുറ്റപത്രം. ചിലർ പാകിസ്ഥാൻ സിന്ദാബാദ‌് മുദ്രാവാക്യം വിളിക്കുന്നുണ്ട‌്. ഇത‌ും എബിവിപിക്കാർ തന്നെയാണ‌്. വീഡിയോ ശരിയെങ്കിൽ എന്തുകൊണ്ടാണ‌് എബിവിപിക്കാർക്കെതിരായി കേസെടുക്കാത്തത‌്. ഇനി വീഡിയോ കൃത്രിമമാണെങ്കിൽ അതിന‌് ഉത്തരവാദികൾ ആരെന്ന‌് പൊലീസ‌് കണ്ടെത്തണം–- ഗൊരായ പറഞ്ഞു.

എന്നാൽ, മുൻനേതാക്കളുടെ വെളിപ്പെടുത്തലുകൾ ശരിയല്ലെന്ന അവകാശവാദവുമായി എബിവിപി രംഗത്തുവന്നു. വിഷയം കോടതിയുടെ പരിഗണനയിലാണ‌്. ദിവസങ്ങൾക്കകം സത്യാവസ്ഥ പുറത്തുവരുമെന്ന‌് പ്രതീക്ഷിക്കുന്നു–- എബിവിപി നേതാവ‌് സൗരഭ‌് ശർമ പറഞ്ഞു. എബിവിപിയുടെ ദളിത‌്‌വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ‌് നർവാളും ഗൊരായയും 2016 ൽ സംഘടന വിട്ടത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top