27 February Thursday

ആക്രമണം നടത്തിയെന്ന്‌ എബിവിപി; ഇന്ത്യടുഡേ സ്‌റ്റിങ്‌ ഓപ്പറേഷൻ വെളിപ്പെടുത്തൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020


ന്യൂഡൽഹി
ജെഎൻയുവിൽ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷിനെ പ്രതിയാക്കാൻ ഡൽഹിപൊലീസ്‌ നീങ്ങുന്നതിനിടെ ആക്രമണം നടത്തിയത്‌ എബിവിപിയാണെന്ന്‌ സ്‌റ്റിങ്‌ ഓപ്പറേഷൻ വെളിപ്പെടുത്തൽ. ഇന്ത്യടുഡേ ചാനലിന്റെ രഹസ്യക്യാമറയിലാണ്‌ എബിവിപിക്കാർ കുറ്റമേറ്റുപറഞ്ഞത്‌.

ക്യാമ്പസിൽനിന്നുള്ള 20 എബിവിപിക്കാരും പുറത്തുനിന്നുള്ളവരും സംഘടിച്ചാണ്‌ ആക്രമണം നടത്തിയതെന്ന്‌ ഇവർ സമ്മതിക്കുന്ന ദൃശ്യം പുറത്തുവന്നു. അക്രമികളെ തടയാനെത്തിയ ഐഷിഘോഷിന്റെ ചിത്രം കുറ്റാരോപിതരുടെ പട്ടികയിൽപ്പെടുത്തി ഡൽഹി പൊലീസ്‌ പുറത്തുവിട്ട്‌ മണിക്കൂറുകൾക്കകമാണ്‌ വെളിപ്പെടുത്തൽ.

ജെഎൻയുവിലെ ആക്രമണത്തിൽ താൻ അഭിമാനിക്കുന്നുവെന്ന്‌ എബിവിപി പ്രവർത്തകനായ രോഹിത്‌ ഷാ വീഡിയോയിൽ പറയുന്നു. ക്യാമ്പസിൽ 20 എബിവിപിക്കാർ ആക്രമണത്തിൽ പങ്കെടുത്തു. ഹോസ്‌റ്റലുകളിൽ ആക്രമണം നടത്താൻപോയ അക്ഷന്ത്‌ അശ്വതിക്ക്‌ തന്റെ ഹെൽമെറ്റ്‌ നൽകിയെന്നും രോഹിത്‌ പറഞ്ഞു. പുറത്തുനിന്നുള്ളവരടങ്ങിയ സംഘത്തെ കമാന്ററെപ്പോലെ നയിച്ചത്‌ താനാണെന്ന്‌ അക്ഷന്ത്‌ വെളിപ്പെടുത്തി.  ക്യാമറയ്‌ക്ക്‌ മുന്നിലാണെന്ന്‌ അറിയാതെയാണ്‌ എബിവിപി പ്രവർത്തകർ സത്യം വെളിവാക്കിയത്‌.

സിസിടിവി ദൃശ്യങ്ങളും വിശ്വസനീയമായ ദൃക്‌സാക്ഷികളും ഇല്ലാത്തതിനാൽ അക്രമികളെ പിടികൂടുന്നത്‌ ബുദ്ധിമുട്ടെന്നാണ്‌ വെള്ളിയാഴ്‌ച വാർത്താസമ്മേളനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച്‌ ഡിസിപി ജോയ്‌ തിർക്കി പറഞ്ഞത്‌.

ജെഎൻയുവിൽ ആക്രമണം നടത്തിയത്‌ എബിവിപിയാണെന്ന്‌ ഈ വെളിപ്പെടുത്തലോടെ വ്യക്തമായെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആസൂത്രണം ചെയ്‌താണ്‌ എബിവിപി ആക്രമണം നടത്തിയതെന്ന്‌ വ്യക്തമായെന്ന്‌  പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top