26 May Sunday

ജാർഖണ്ഡ‌ിൽ മഹാസഖ്യത്തിൽ വിള്ളൽ; കോൺഗ്രസ‌് നിലപാട‌് മാറ്റിയില്ലെങ്കിൽ സഖ്യം പ്രയാസമാകുമെന്ന‌് ജെഎംഎമ്മും ജെവിഎമ്മും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

റാഞ്ചി> സീറ്റ‌ു തർക്കത്തെച്ചൊല്ലി ജാർഖണ്ഡിലെ മഹാസഖ്യത്തിൽ വിള്ളൽ. കോൺഗ്രസ‌് ഏകപക്ഷീയമായി നടത്തിയ സീറ്റ‌ു വിഭജനത്തിനെതിരെ ബാബുലാൽ മറാണ്ടി നേതൃത്വം നൽകുന്ന ജാർഖണ്ഡ‌് വികാസ‌് മുക്തിമോർച്ചയും ആർജെഡിയും രംഗത്തെത്തി. അനുവദിച്ച സീറ്റുകൾ വച്ചുമാറുന്നതോടൊപ്പം കൂടുതൽ സീറ്റ‌ും ഇരു പാർടികളും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 14 സീറ്റിൽ ഏഴെണ്ണത്തിൽ മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസ‌് ജാർഖണ്ഡ‌് മുക്തിമോർച്ചയ‌്ക്ക‌് നാലും ജെവിഎമ്മിന‌് രണ്ടും ആർജെഡിക്ക‌് ഒരു സീറ്റുമാണ‌് അനുവദിച്ചത‌്.

ജെഎംഎം വർക്കിങ‌് പ്രസിഡന്റ‌് ഹേമന്ത‌് സോറൻ കോൺഗ്രസ‌് പ്രസിഡന്റ‌് രാഹുൽ ഗാന്ധിയെ കണ്ട‌് സീറ്റ‌ു വിഭജനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. കോൺഗ്രസ‌് നിലപാട‌് മാറ്റിയില്ലെങ്കിൽ സഖ്യവുമായി മുന്നോട്ടുപോകാൻ പ്രയാസമുണ്ടെന്ന‌് ജെഎംഎമ്മും ജെവിഎമ്മും വ്യക്തമാക്കി. ഇരു പാർടികളുടെയും നേതാക്കളായ ഹേമന്ത‌് സോറനും ബാബുലാൽ മറാണ്ടിയും കഴിഞ്ഞദിവസം ഇത‌ുസംബന്ധിച്ച‌് ചർച്ച നടത്തി. ജെവിഎം മൂന്ന‌ു സീറ്റാണ‌് ആവശ്യപ്പെടുന്നത‌്. ആർജെഡി രണ്ടും.

വിജയസാധ്യതയുള്ള സീറ്റുകൾ കോൺഗ്രസ‌് എകപക്ഷീയമായി കൈക്കലാക്കിയെന്നും സഖ്യകക്ഷികൾക്ക‌് പരാതിയുണ്ട‌്. ജെവിഎമ്മിന‌് കോദർമ, പലമൗ സീറ്റുകളൂം ആർജെഡിക്ക‌് ഛത്രയുമാണ‌് അനുവദിച്ചത‌്. പലമൗവും ഗോദയുമാണ‌് ആർജെഡി ആവശ്യപ്പെടുന്നത‌്. പലമൗ വിട്ടുകൊടുക്കാൻ ജെവിഎം തയ്യാറാണ‌്. എന്നാൽ, ഗോദ സീറ്റ‌് ആർക്കും വിട്ടുകൊടുക്കില്ലെന്നാണ‌് ജാർഖണ്ട‌് പിസിസി പ്രസിഡന്റ‌് ഡോ. അജോയ‌് കുമാർ പറയുന്നത‌്.


പ്രധാന വാർത്തകൾ
 Top