23 July Tuesday

ജാര്‍ഖണ്ഡിനെ അപമാനിക്കരുതെന്ന് പറഞ്ഞ മോഡി മറക്കരുത്‌, മുന്നേ പറഞ്ഞവ

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

ന്യൂഡല്‍ഹി > ജാര്‍ഖണ്ഡില്‍ ജയ്ശ്രീറാം വിളിപ്പിച്ച് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശം ജാര്‍ഖണ്ഡിനെ കുറ്റപ്പെടുത്തരുത് എന്നായിരുന്നു. സഭയില്‍ സംസാരിച്ച ചിലര്‍ ജാര്‍ഖണ്ഡിനെ ആള്‍ക്കൂട്ടഹത്യകളുടെ കേന്ദ്രമായി വിശേഷിപ്പിച്ചത് ശരിയല്ലെന്നും രാജ്യഭസയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മോഡി പറഞ്ഞു. എന്നാല്‍ ഇതേ മോഡി തന്നെ വ്യത്യസ്ത സംഭവങ്ങളുടെ പേരില്‍ സംസ്ഥാനങ്ങളെ അധിക്ഷേപിച്ചിരുന്നു. മോഡിയുടെ ജാര്‍ഖണ്ഡ് പരാമര്‍ശത്തിന് മറുപടിയായി സോഷ്യല്‍മീഡിയയില്‍ നിരവധിപേരാണ് മോഡിയുടെ പഴയ പ്രസ്‌താവനകള്‍ വീണ്ടും ചൂണ്ടിക്കാട്ടുന്നത്.

2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായിരുന്നു. അന്ന് നരേന്ദ്രമോഡി 'ബലാത്സംഗത്തിന്റെ തലസ്ഥാനം' എന്നാണ് ഡല്‍ഹിയെ വിശേഷിപ്പിച്ചത്. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ജനം ഇത് ഓര്‍ക്കണമെന്നും മോഡി പറഞ്ഞിരുന്നു.

2016ലാണ് കേരളത്തിനെതിരെ വിവാദമായ സൊമാലിയ പരാമര്‍ശം മോഡി നടത്തിയത്. തിരുവനന്തപുരത്ത് ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് കേരളം സൊമാലിയയെക്കാള്‍ മോശമാണെന്ന് മോഡി പറഞ്ഞത്. ആരോഗ്യസൂചികയില്‍ രാജ്യത്ത് ഒന്നാമതും ലോകരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന കേരളത്തെ, ഏറ്റവും പിന്നോക്ക ആരോഗ്യനിലവാരമുള്ള സൊമാലിയയോട് ഉപമിച്ചതിനെതിരെ രൂക്ഷവിമര്‍ശനമാണ് അന്ന് ഉയര്‍ന്നത്. 'പോ മോനേ മോഡി' എന്ന ഹാഷ്ടാഗും സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു.

ഇതെല്ലാം മറച്ചുവെച്ചാണ് ഗോസംരക്ഷകര്‍ നിരപരാധികള്‍ക്ക്‌മേല്‍ നിരന്തരം ആക്രണം അഴിച്ചുവിടുന്ന ജാര്‍ഖണ്ഡിനെ ആള്‍ക്കൂട്ടഹത്യകളുടെ കേന്ദ്രമെന്ന് വിശേഷിപ്പിക്കരുതെന്ന വാദവുമായി പ്രധാനമന്ത്രി എത്തിയത്. മോഡിയുടെ ഈ ഇരട്ടത്താപ്പും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top