ന്യൂഡൽഹി > ജാർഖണ്ഡിൽ പ്രതിപക്ഷ പാർടികൾ സഖ്യം യാഥാർഥ്യമാക്കിയതോടെ ബിജെപിയുടെ നില പരുങ്ങലിൽ. നിലവിൽ ബിജെപി ഭരിക്കുന്ന ജാർഖണ്ഡിൽ സംസ്ഥാന സർക്കാരിനെതിരായ ജനവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയാണ് മഹാസഖ്യത്തിനുള്ളത്. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ദേശീയ തലത്തിൽ തന്നെ ചർച്ചയായി മാറിയ പട്ടിണി മരണങ്ങളും ബിജെപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത്തവണ ബിജെപി ആധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസിനൊപ്പം ജെഎംഎം, ആർജെഡി, ജാർഖണ്ഡ് വികാസ് മോർച്ച–പ്രജാതാന്ത്രിക്ക് എന്നീ കക്ഷികൾ ചേർന്നുള്ള മഹാസഖ്യം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 14 സീറ്റിൽ 12 ഉം ബിജെപി നേടി. ജാർഖണ്ഡ് മുക്തിമോർച്ച രണ്ട് സീറ്റിൽ ജയിച്ചപ്പോൾ കോൺഗ്രസിന് പൂർണപരാജയം. കാലിടറുമെന്ന് കണ്ട് ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനെ ഒപ്പം ചേർത്തിരിക്കയാണ് ബിജെപി. ഒരു സീറ്റിൽ എജെഎസ്യുവും 13 സീറ്റിൽ ബിജെപിയും മത്സരിക്കും. മഹാസഖ്യത്തിൽ കോൺഗ്രസ് ഏഴുസീറ്റിലും നാല് സീറ്റിൽ ജെഎംഎമ്മും രണ്ട് സീറ്റിൽ ജെവിഎമ്മും ഒരു സീറ്റിൽ ആർജെഡിയും മത്സരിക്കും. പാർടിക്കുള്ളിലെ പടലപിണക്കം ബിജെപി ദേശീയ നേതൃത്വത്തിന് തലവേദനയാകുന്നു. മുഖ്യമന്ത്രി രഘുബർ ദാസിനെതിരായി ഭക്ഷ്യമന്ത്രി സരയൂ റായിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. രഘുബർ ദാസിന്റെ പ്രവർത്തനങ്ങളിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അർജ്ജുൻ മുണ്ടയും തൃപ്തനല്ല. ശൈലീമാറ്റത്തിന് രഘുബർ ദാസ് മുതിരുന്നില്ലെങ്കിൽ രാജിവെച്ചൊഴിയുമെന്ന നിലപാടിലാണ് സരയൂ റായി.
ബിജെപിയുടെ സിറ്റിങ് സീറ്റായ ഗിരിദിഹ് മണ്ഡലം എജെഎസ്യുവിന് നൽകാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിലും വലിയൊരു വിഭാഗം അമർഷത്തിലാണ്. അഞ്ചുവട്ടം എംപിയായ രവീന്ദ്ര പാണ്ഡെയെ ഒഴിവാക്കിയാണ് എജെഎസ്യുവിന് ബിജെപി സീറ്റ് നൽകുന്നത്. സീറ്റുമാറ്റത്തെ കുറിച്ച് തനിക്ക് ധാരണയൊന്നുമില്ലെന്ന നിലപാടിലാണ് പാണ്ഡെ. ഗിരിദിഹ് സീറ്റ് എജെഎസ്യുവിന് നൽകിയാൽ സമീപ മണ്ഡലങ്ങളായ കൊദെർമ, ധൻബാദ്, ഗോഡ്ഡ എന്നിവിടങ്ങളിലും പ്രതിഫലനമുണ്ടാകുമെന്നാണ് ബിജെപിയിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..