13 December Friday

അമിത്‌ ഷായുടെ മകന്റെ വരുമാനവളർച്ച 150 മടങ്ങ്‌; ആറുവർഷത്തിനിടെ വൻലാഭം

സ്വന്തം ലേഖകൻUpdated: Sunday Nov 3, 2019

ന്യൂഡൽഹി > കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ മകൻ ജയ്‌ഷായുടെ സ്ഥാപനത്തിന്റെ വരുമാനം ആറ്‌ വർഷത്തിനിടെ 150 മടങ്ങ്‌ വർധിച്ചു. ജയ്‌ഷാ ഡയറക്ടറായ കുസും ഫിൻസെർവ്‌ എൽഎൽപി കോർപറേറ്റ്‌ മന്ത്രാലയത്തിന്‌ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ  ‘ദി കാരവൻ’ മാസികയാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. രേഖകളിൽ കമ്പനിയുടെ ബിസിനസ്‌  എന്താണെന്ന്‌ വ്യക്തമാക്കിയിട്ടില്ല. ബാങ്കുകൾ അടക്കമുള്ള ഏജൻസികളിൽനിന്ന്‌ കമ്പനിക്ക്‌ വൻതോതിൽ വായ്‌പ ലഭിച്ചു.

2013–-14 സാമ്പത്തിക വർഷം  79.6 ലക്ഷമായിരുന്നു വരുമാനം 2018–-19ൽ  119.61 കോടി വർധിച്ചു. സ്ഥാപനത്തിന്റെ മൊത്തം മൂല്യം 2015ൽ 1.21 കോടിയായിരുന്നത്‌  2019ൽ 25.83 കോടിയായി. ആസ്‌തികളിൽനിന്ന്‌ ബാധ്യത നീക്കിയാൽ കിട്ടുന്നതാണ്‌ മൂല്യം. 2015ൽ 51.74 ലക്ഷമായിരുന്ന നിശ്‌ചിത ആസ്‌തി  2019ൽ 23.25  കോടിയായി. പണം, ഓഹരിനിക്ഷേപം എന്നിവയടക്കം ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന  ആസ്‌തി 2015ൽ 37.80 ലക്ഷമായിരുന്നത്‌ 2019ൽ 33.43 കോടിയായി.

2013ലാണ്‌  കുസും ഫിൻസെർവ്‌ രജിസ്‌റ്റർ ചെയ്‌തത്‌. പിന്നീട്‌ പരിമിത ബാധ്യത പങ്കാളിത്ത സ്ഥാപനമായി (എൽഎൽപി). ഏതെങ്കിലും ഡയറക്ടറുടെ തെറ്റായ പ്രവൃത്തികൾക്ക്‌ മറ്റുള്ളവർ ബാധ്യത ഏൽക്കേണ്ടതില്ല എന്നതാണ്‌ ഇതിന്റെ പ്രത്യേകത. 2017, 2018 ലെ കണക്കുകൾ യഥാസമയം സമർപ്പിച്ചിരുന്നില്ല. എന്നിട്ടും  കണക്ക്‌ നൽകാത്ത കമ്പനികൾക്കെതിരായ നടപടികളിൽനിന്ന്‌ കുസുംഫിൻസെർവിനെ കേന്ദ്രസർക്കാർ ഒഴിവാക്കി. ജയ്‌ഷായുടെ മറ്റൊരു സ്ഥാപനമായ ടെമ്പിൾ എന്റർപ്രൈസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 2016ൽ വരുമാനത്തിൽ 16,000 ഇരട്ടി വർധന നേടി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ അസാധാരണവളർച്ച ചർച്ച ചെയ്യപ്പെടുന്നത്‌ ഒഴിവാക്കാനാണ്‌ രേഖകൾ സമർപ്പിക്കാതിരുന്നത്‌. ഓരോ വർഷവും ഒക്‌ടോബർ 30 നകമാണ്‌ കണക്ക്‌ സമർപ്പിക്കേണ്ടത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top