ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയ പി എം നരേന്ദ്രമോഡി എന്ന ചിത്രത്തിന് താൻ പാട്ട് എഴുതിയെന്നത് നിഷേധിച്ച് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. വിവേക് ഒബ്റോയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജാവേദ് അക്തർ രംഗത്തെത്തിയത്. ട്രെയിലറിൽ ഗാനരചയിതാക്കളുടെ പേരുകളിൽ തന്റെ പേര് കണ്ട് ഞെട്ടിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഒരു പാട്ടും താൻ ആ ചിത്രത്തിനുവേണ്ടി എഴുതിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശക്തനായ മോഡി വിമർശകനായ ജാവേദ് അക്തറിന്റെ പേര് ട്രെയിലറിൽ കണ്ടത് വലിയ ചർച്ചയായിരുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പൊലീസ് നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കണം എന്ന് ജാവേദ് അക്തർ സുപ്രിംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടമടക്കം പ്രതിപാദിക്കുന്നതാണ് ചിത്രം. പ്രസൂണ്‍ ജോഷി, സമീര്‍, അഭേന്ദ്രകുമാര്‍ ഉപാധ്യായ്, സര്‍ദാര, പാരി ജി, ലവരാജ് എന്നീ പേരുകള്‍ക്കൊപ്പമാണ് ജാവേദ് അക്തറിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒമുങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ അഞ്ചിന് പ്രദർശനത്തിനെത്തും. 12ന് റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന 11ന് മുമ്പ് പ്രദർശനത്തിനെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..