19 January Sunday

കോണ്‍​ഗ്രസ്‌ വിടാനൊരുങ്ങി ജനാർദൻ ദ്വിവേദി; മോഹന്‍ ഭഗവതിനൊപ്പം ആര്‍എസ്എസ് വേദിയിലും

സ്വന്തം ലേഖകൻUpdated: Monday Dec 2, 2019

ന്യൂഡൽഹി > ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിനൊപ്പം പൊതുവേദിയിലെത്തി  മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ എംപിയുമായ ജനാർദൻ ദ്വിവേദി. ആർഎസ്‌എസ്‌ നേതാവ്‌ സാധ്വി ഋതംബര, സ്‌പീക്കർ ഓംബിർള, കേന്ദ്രമന്ത്രി സ്‌മൃതിഇറാനി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവരും ദ്വിവേദിക്കൊപ്പമുണ്ടായി. ആര്‍എസ്എസിന്റെ  ‘ഗീതാ പ്രേരൺ മഹോത്സവം’ പരിപാടിയിലാണ് ആര്‍എസ്എസിനോടുള്ള ആഭിമുഖ്യം എഐസിസി മുന്‍ ജനറൽ സെക്രട്ടറി വെളിപ്പെടുത്തിയത്.

ഔദ്യോഗിക ക്ഷണപ്രകാരമാണ് പരിപാടിയിൽ പങ്കെടുത്തതെന്നും അതിൽ തെറ്റില്ലെന്നുമാണ് ദ്വിവേദിയുടെ പ്രതികരണം.  ദ്വിവേദി ഉടൻ ബിജെപിയിൽ ചേരുമെന്ന്   അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു. ഇന്ദിര ഗാന്ധിയുടെ കാലംമുതൽ കോൺഗ്രസിന്റെ നേതൃനിരയിൽ സജീവമായിരുന്ന ജനാർദൻ ദ്വിവേദി സോണിയ ഗാന്ധിയുടെയും വിശ്വസ്‌തനായിരുന്നു. എഐസിസി പ്രവർത്തകസമിതി അംഗമായിരുന്ന ദ്വിവേദി 2011ൽ സോണിയ ചികിത്സയ്‌ക്കായി വിദേശത്ത്‌ പോയ അവസരത്തിൽ പാർടിയെ നയിക്കാൻ ചുമതലപ്പെടുത്തിയ നാലംഗ സമിതിയിലും അംഗമായി. രാഹുൽ അധ്യക്ഷപദവിയിൽ എത്തിയതോടെ നേതൃനിരയിൽനിന്ന്‌ തഴയപ്പെട്ട ദ്വിവേദി ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചുതുടങ്ങി. കശ്മീരിനെ രണ്ടാക്കിയ മോഡിയെ ദ്വിവേദി പിന്തുണച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top