06 October Sunday

ജമ്മു കശ്മീരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ്; പോളിങ്‌ 58.85 ശതമാനം

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024

ന്യൂഡൽഹി
ജമ്മുകശ്‌മീരിൽ പ്രത്യേക പദവി റദ്ദാക്കിയതിന്‌ ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 58.85 ശതമാനം പോളിങ്‌. കേന്ദ്രതെരഞ്ഞെടുപ്പ്‌ കമീഷൻ രാത്രി 7.30ന് പുറത്തുവിട്ട കണക്കാണിത്. അന്തിമകണക്കിൽ നേരിയ വർധനയുണ്ടാകും. ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളാണ്‌ വിധിയെഴുതിയത്‌. കിഷ്‌ത്വാർ ജില്ലയിലാണ്‌ ഉയർന്ന പോളിങ്‌–-77.23 ശതമാനം.  കുറവ്‌ പുൽവാമ–-46.03 ശതമാനം. ദോഡയിലാണ്‌  രണ്ടാമത്തെ മികച്ച പോളിങ്‌–-69.33 ശതമാനം.

പകൽ ഒരുമണിയോടെ ഇരുജില്ലകളിലും പോളിങ്‌ 50 ശതമാനം പിന്നിട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ 58.58 ശതമാനത്തേക്കാൾ  ഉയർന്ന പോളിങ്ങാണ് ആദ്യഘട്ടത്തിലേത്. വൈകിട്ട്‌ അഞ്ചുവരെയുള്ള കണക്ക്‌ പ്രകാരം മണ്ഡലങ്ങളിൽ ഇന്ദർവാൽ ആണ്‌ മുന്നിൽ–-80.06 ശതമാനം. ത്രാലാണ്‌ പിന്നിൽ–-40.58 ശതമാനം മാത്രം.  സിപിഐ എം  കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി നാലാം ജയം തേടുന്ന കുൽഗാമിൽ  59.59 ശതമാനമാണ് പോളിങ്. എഞ്ചിനീയർ റഷീദിന്റെ  അവാമി ഇത്തിഹാദ്‌ പാർടിയേയും ജമാഅത്ത ഇസ്‌ലാമിയേും ബിജെപി ആയുധമാക്കുകയാണെന്ന് തരിഗാമി വോട്ടെടുപ്പിനിടെ പ്രതികരിച്ചു.

 ഒമ്പത്‌ വനിത സ്ഥാനാർഥികളടക്കം ആകെ 219 പേരാണ്‌ ആദ്യഘട്ടത്തിൽ ജനവിധി തേടിയത്‌. ഏഴ്‌ ജില്ലകളിലെ മണ്ഡലങ്ങളിൽ 3276 പോളിങ്‌ സ്‌റ്റേഷനുകളിലും തെരഞ്ഞെടുപ്പ്‌  സമാധാനപരമായിരുന്നു. താഴ്‌വരയ്‌ക്ക്‌ പുറത്ത്‌ കുടിയേറിയവർക്കായി ചട്ടത്തിൽ ഇളവ്‌ നൽകി തയ്യാറാക്കിയ 24 സ്‌പെഷ്യൽ പോളിങ്‌ സ്‌റ്റേഷകളിലും വോട്ടർമാരെത്തി. ജമ്മു (19), ഉധംപൂർ (1), ഡൽഹി (4) എന്നിങ്ങനെയാണ്‌ സ്‌പെഷ്യൽ പോളിങ്‌ സ്‌റ്റേഷൻ.  രാവിലെ ഏഴിന്‌ ആരംഭിച്ച പോളിങ്‌ വൈകിട്ട്‌ ആറുവരെ നീണ്ടു.

കിഷ്‌ത്വാറിലെ ബഗ്വാൻ മൊഹല്ലയിലെ പോളിങ്‌ കേന്ദ്രത്തിൽ  പിഡിപി, ബിജെപി, എൻസി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ആർക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പിഡിപി അധ്യക്ഷ മെഹ്‌ബൂബയുടെ മകളും ബിജ്ബെഹറയിലെ സ്ഥാനാർഥിയുമായ ഇൽതിജ മുഫ്തി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top