28 January Tuesday

ജമ്മു കശ‌്മീർ: ബിജെപിയുടെ രാഷ്ട്രീയക്കളി മാത്രം; ഉടൻ തെരഞ്ഞെടുപ്പ‌് നടത്തണമെന്ന‌് സിപിഐ എം

സ്വന്തം ലേഖകൻUpdated: Sunday Jun 30, 2019

ന്യൂഡൽഹി > ജമ്മു കശ‌്മീരിനെ രാഷ്ട്രീയചൂതാട്ടത്തിനുള്ള ഉപകരണമാക്കി നിലനിർത്താനാണ‌് ബിജെപി ആഗ്രഹിക്കുന്നതെന്നാണ‌് ആഭ്യന്തരമന്ത്രി അമിത‌്ഷാ പാർലമെന്റിൽ നടത്തിയ പ്രസ‌്താവന വ്യക്തമാക്കുന്നത‌്. പ്രശ‌്നങ്ങൾ പരിഹരിക്കാനല്ല, മുതലെടുപ്പ‌് നടത്താനാണ‌് ബിജെപിയുടെ ശ്രമം. ഒന്നാം മോഡിസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽവന്നതിനു പിന്നാലെയാണ‌് ജമ്മു -കശ‌്മീരിൽ ബിജെപി–-പിഡിപി സർക്കാർ രൂപീകരിച്ചത‌്.

പരസ‌്പരവിരുദ്ധ ആശയങ്ങളുള്ള പാർടികളുടെ കൂട്ടുഭരണം പൂർണപരാജയവും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്ക‌് ഹാനികരവുമായിരുന്നു. ഭരണപങ്കാളിത്തം എന്ന ഒറ്റ അജൻഡയിൽ ബിജെപി സർക്കാരിൽ തുടർന്നു. ലോക‌്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പിഡിപിയെ പഴിച്ച‌് ബിജെപി സർക്കാരിനെ വീഴ‌്ത്തി. ബദൽ സർക്കാർ രൂപീകരണശ്രമം ഫലപ്രാപ‌്തിയിലേക്ക‌് നീങ്ങവെ തിരക്കിട്ട‌് നിയമസഭ പിരിച്ചുവിട്ട‌് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു.

ജമ്മു -കശ‌്മീർ കേന്ദ്രം നേരിട്ട‌് ഭരിക്കുമ്പോഴാണ‌് പുൽവാമ ഭീകരാക്രമണംപോലുള്ള സംഭവങ്ങൾ ഉണ്ടായത‌്. രാജ്യത്ത‌് ധ്രുവീകരണം സൃഷ്ടിച്ച‌് രാഷ്ട്രീയനേട്ടം കൊയ്യാൻ ബിജെപി ഇതെല്ലാം പ്രയോജനപ്പെടുത്തി. രഹസ്യാന്വേഷണ ഏജൻസികളുടെ വീഴ‌്ചയാണ‌് പുൽവാമ ഭീകരാക്രമണത്തിന‌് ഇടയാക്കിയതെന്ന‌് ഗവർണർ തന്നെ പറഞ്ഞു. ആക്രമണത്തെക്കുറിച്ച‌് എൻഐഎ നടത്തുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ജമ്മു കശ‌്മീരിനുള്ള പ്രത്യേകപദവി താൽക്കാലികം മാത്രമാണെന്ന അമിത‌്‌ ഷായുടെ പ്രസ‌്താവന ആർഎസ‌്എസിന്റെ ദീർഘകാല അജൻഡയുടെ ഭാഗമാണ‌്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാർ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട വിഷയമാണിത‌്. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള അസാധാരണ സ്ഥിതിവിശേഷത്തിൽ രാഷ്ട്രശിൽപ്പികൾ സുചിന്തിതമായി എടുത്ത തീരുമാനത്തെ സംഘപരിവാർ ദുർവ്യാഖ്യാനം ചെയ്യുകയാണ‌്.

അനുകൂലസാഹചര്യമില്ലെന്ന പേരിൽ സംസ്ഥാനത്ത‌് നിയമസഭാ തെരഞ്ഞെടുപ്പ‌് നീട്ടിക്കൊണ്ടുപോകുന്നു. തദ്ദേശ തെരഞ്ഞെടുപ്പും ലോക‌്സഭാ തെരഞ്ഞെടുപ്പും നടത്തിയ സംസ്ഥാനത്താണ‌് നിയമസഭാതെരഞ്ഞെടുപ്പിനുള്ള സാഹചര്യമില്ലെന്ന‌് പറയുന്നത‌്. ജമ്മു -കശ‌്മീർ ജനതയുടെ ജനാധിപത്യ അവകാശങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ‌് യൂസഫ‌് തരിഗാമി പറഞ്ഞു. സംസ്ഥാനത്ത‌് ഒരു വർഷത്തിലേറെയായി ജനാധിപത്യ സർക്കാരില്ല. ആറു മാസംകൂടി രാഷ്ട്രപതിഭരണം നീട്ടിയിരിക്കയാണ‌്. ഇത‌് ജനങ്ങളിൽ അതൃപ‌്തി സൃഷ്ടിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അഭാവം അനിശ്ചിതത്വം വളർത്തുകയാണ‌്–- അദ്ദേഹം പറഞ്ഞു.

ഉടൻ തെരഞ്ഞെടുപ്പ‌് നടത്തണം: സിപിഐ എം

സ്വന്തം ലേഖകൻ
ന്യൂഡൽഹി > ജമ്മു -കശ‌്മീരിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ‌് നടത്തണമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ ആവശ്യപ്പെട്ടു.  രാഷ്ട്രപതി ഭരണം ആറുമാസംകൂടി നീട്ടാൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ച‌് ആഭ്യന്തരമന്ത്രി അമിത‌്‌ ഷാ നടത്തിയ പരാമർശങ്ങൾ സംസ്ഥാനത്തെ ജനങ്ങളുടെ അകൽച്ച വർധിപ്പിക്കാനേ ഉതകൂ. ഇത‌് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ‌്ക്കും ഗുണകരമല്ല. രാജ്യം ഒറ്റക്കെട്ടായി ചെറുക്കാൻ തീരുമാനിച്ച ഭീകരതയുടെ വളർച്ചയ‌്ക്ക‌് ജമ്മു കശ‌്മീർ ജനതയുടെ അകൽച്ച വളമിടും.

പാർലമെന്റ‌് തെരഞ്ഞെടുപ്പ‌് നടത്താൻ കഴിയുന്ന സാഹചര്യം ജമ്മു -കശ‌്മീരിൽ നിലനിൽക്കുന്നുണ്ടെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ‌് നടത്തുന്നതിന‌് എന്താണ‌് തടസ്സം. ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ‌് നടത്തണമെന്നും ജനങ്ങളെ  ജനാധിപത്യധാരയിലേക്ക‌് കൊണ്ടുവരാൻ ഇതാണ‌് ഏറ്റവും നല്ല വഴിയെന്നും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാർടികളും അഭിപ്രായപ്പെട്ടിട്ടുണ്ട‌്.

ജമ്മു -കശ‌്മീരിൽ നടത്തിയ ദ്വിദിന സന്ദർശനത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി രാഷ്ട്രീയപാർടികളുമായി കൂടിക്കാഴ‌്ചയ‌്ക്ക‌് തയ്യാറായില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണിത‌്. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ആഭ്യന്തരമന്ത്രി ജമ്മു -കശ‌്മീർ മാത്രമാണ‌് ഭരണഘടനപ്രകാരം പ്രത്യേകപദവി(370–-ാം വകുപ്പ‌്)യുള്ള സംസ്ഥാനമെന്നുകൂടി  പറഞ്ഞു.

ഭരണഘടനാവ്യവസ്ഥകളെ കണ്ടില്ലെന്ന‌് നടിക്കുകയാണ‌് അദ്ദേഹം. 371, 371(എ) മുതൽ (1) വരെയുള്ള വകുപ്പുകൾ പ്രകാരം മഹാരാഷ്ട്ര, ഗുജറാത്ത‌്, നാഗാലാൻഡ‌്, അസം, മണിപ്പുർ, ആന്ധ്രപ്രദേശ‌്(ഇപ്പോൾ തെലങ്കാന), സിക്കിം, അരുണാചൽപ്രദേശ‌്, മിസോറം, ഗോവ എന്നീ സംസ്ഥാനങ്ങൾക്കും പ്രത്യേക പദവിയുണ്ട‌്.ജമ്മു -കശ‌്മീർ സാഹചര്യം കേവലം ക്രമസമാധാനപ്രശ‌്നമല്ലെന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ മുമ്പ‌് നൽകിയ വാഗ‌്ദാനങ്ങൾ പാലിക്കണം. എല്ലാവരുമായും രാഷ്ട്രീയചർച്ച ആരംഭിക്കുകയും വിശ്വാസം വളർത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

ഉടൻ തെരഞ്ഞെടുപ്പ‌് നടത്തുകയെന്നതാണ‌് ജമ്മു -കശ‌്മീർ ജനതയുടെ അകൽച്ചയ‌്ക്ക‌് ഗതിവേഗം കൂടുന്നത‌് അവസാനിപ്പിക്കാനുള്ള ഏറ്റവും യോജിച്ച മാർഗം–- പിബി പ്രസ‌്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top