05 October Thursday

ജലന്ധർ കോട്ട തകർന്ന്‌ 
കോൺഗ്രസ്‌

സ്വന്തം ലേഖകൻUpdated: Sunday May 14, 2023

ന്യൂഡൽഹി > പഞ്ചാബിലെ ജലന്ധർ ലോക്‌സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ വൻ തിരിച്ചടിയേറ്റ്‌ കോൺഗ്രസ്‌. പതിറ്റാണ്ടുകളായി കോൺഗ്രസ്‌ കോട്ടയായിരുന്ന മണ്ഡലം എഎപിയുടെ സുശീൽ റിങ്കു 58,691 വോട്ടിന്റെ  ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ കുഴഞ്ഞുവീണുമരിച്ച സന്ദോഖ് സിങ്‌ ചൗധരിയുടെ ഭാര്യ കരംജിത് കൗറിനെ രംഗത്തിറക്കിയെങ്കിലും കോൺഗ്രസ്‌ പച്ചതൊട്ടില്ല. ലോക്‌സഭയിലെ ഏക എഎപി പ്രതിനിധിയായി സുശീൽ റിങ്കു മാറി. ചതുഷ്‌കോണ മത്സരം നടന്ന ഇവിടെ മൂന്നാമതായി അകാലിദൾ എത്തിയപ്പോൾ ബിജെപിക്ക്‌ കെട്ടിവച്ച പണം നഷ്‌ടപ്പെട്ടു.

നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ നടന്ന ഒഡിഷയിലെ ജാർസുഗുഡ മണ്ഡലം ബിജു ജനതാ ദൾ നിലനിർത്തി. പൊലീസുകാരന്റെ വെടിയേറ്റുമരിച്ച ആരോഗ്യമന്ത്രി നബ ദാസിന്റെ മകൾ കീർത്തി ദാസ്‌ 48,619 വോട്ടിന്‌ ബിജെപിയുടെ തങ്കധർ ത്രിപാഠിയെ തോൽപ്പിച്ചു. കോൺഗ്രസ്‌ സ്ഥാനാർഥിക്ക്‌  4133 വോട്ടേ ലഭിച്ചുള്ളൂ. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെതിരെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ കാടിളക്കി പ്രചാരണം നടത്തിയിട്ടും ബിജെപി ചിത്രത്തിൽനിന്ന്‌ അപ്രത്യക്ഷമായി.
യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സുവാർ സീറ്റ്‌ സമാജ്‌വാദി പാർടിയിൽനിന്ന്‌ പിടിച്ചെടുത്ത അപ്‌ന ദൾ ചാൻബെ സീറ്റ്‌ നിലനിർത്തുകയും ചെയ്‌തു. എസ്‌പി കോട്ടയായ റാംപുർ ജില്ലയിലെ സുവാറിൽ ബിജെപി സഖ്യകക്ഷിയായ അപ്‌ന ദൾ സ്ഥാനാർഥി ഷഫീഖ് അഹമ്മദ് അൻസാരി 8724 വോട്ട്‌ ഭൂരിപക്ഷം നേടി. എസ്‌പി നേതാവ്‌ അസം ഖാന്റെ മകൻ അബ്ദുള്ള അസം ഖാനെ രണ്ടുവർഷം തടവിനു വിധിച്ചതാണ്‌ ഉപതെരഞ്ഞെടുപ്പിലേക്ക്‌ നയിച്ചത്‌.

ചാൻബെയിൽ അപ്‌ന ദളിന്റെ റിങ്കി കോൾ ഒമ്പതിനായിരത്തിൽപ്പരം വോട്ടിന്‌ ജയിച്ചു.മേഘാലയയിലെ സോഹിയോങ് സീറ്റിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർടിയുടെ സിൻഷാർ കുപാർ റോയ് താബ  3400 വോട്ടിന്‌ ഭരണകക്ഷിയായ എൻപിപിയെ പരാജയപ്പെടുത്തി. ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിനിടെ യുഡിപി സ്ഥാനാർഥി മരിച്ചതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top