Deshabhimani

രാജ്യസഭാധ്യക്ഷന്റെ പക്ഷപാതപരമായ പെരുമാറ്റം ; ധൻഖറിനെതിരെ 
അവിശ്വാസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 02:17 AM | 0 min read


ന്യൂഡൽഹി
ഭരണമുന്നണിക്ക്‌ അനുകൂലമായി പക്ഷപാതപരമായി പെരുമാറുന്ന രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖറിനെതിരായി അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർടികൾ ഒരുങ്ങുന്നു. തിങ്കളാഴ്‌ച രാജ്യസഭയിൽ ഭരണകക്ഷി നേതാക്കൾക്ക്‌ യഥേഷ്ടം സംസാരിക്കാൻ അവസരം നൽകിയ ധൻഖർ പ്രതിപക്ഷത്തിന്‌ അവസരം നിഷേധിച്ചു. യുഎസ്‌ വ്യവസായി ജോർജ്‌ സോറോസുമായി ചേർന്ന്‌ കോൺഗ്രസ്‌ ഇന്ത്യാവിരുദ്ധ നീക്കങ്ങൾ നടത്തുന്നുവെന്ന ബിജെപിയുടെ ആക്ഷേപം ധൻഖർ ഏറ്റെടുക്കുകകൂടി ചെയ്‌തതോടെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക്‌ പ്രതിപക്ഷ പാർടികൾ എത്തുകയായിരുന്നു.

ഭരണഘടനയുടെ 67(ബി) അനുച്‌ഛേദപ്രകാരം സഭാധ്യക്ഷനെതിരായി അവിശ്വാസം കൊണ്ടുവരാനാണ്‌ പ്രതിപക്ഷ നീക്കം. ധൻഖർ പൂർണമായും ഭരണകക്ഷിക്ക്‌ വിധേയനായി പ്രവർത്തിക്കുന്നുവെന്ന വിമർശം നേരത്തെതന്നെ പ്രതിപക്ഷ പാർടികൾക്കുണ്ട്‌. തിങ്കളാഴ്‌ച ജോർജ്‌ സോറോസ്‌ വിഷയം ഉയർത്താൻ ബിജെപിക്ക്‌ അവസരം നൽകിയ ധൻഖർ തുടർന്ന്‌ സഭാ നേതാവ്‌ കൂടിയായ കേന്ദ്രമന്ത്രി ജെ പി നദ്ദയ്‌ക്കും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവിനും സംസാരിക്കാൻ അവസരം നൽകി.

ജോർജ്‌ സോറോസ്‌ വിഷയം ഉന്നയിച്ച്‌ തിങ്കളാഴ്‌ച സഭാനടപടികൾ തടസ്സപ്പെടുത്താനായിരുന്നു ബിജെപിയുടെ നീക്കം. ഇത്‌ ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ ശ്രമിച്ചപ്പോൾ ധൻഖർ അവസരം നിഷേധിച്ചു. പ്രതിപക്ഷ നേതാവിന്റെ മൈക്ക്‌ ഓഫ്‌ ചെയ്‌തു. ബഹളത്തെ തുടർന്ന്‌ പലവട്ടം നിർത്തിയ സഭ മൂന്നുമണിക്ക്‌ ചേർന്ന ഘട്ടത്തിലാണ്‌ ജോർജ്‌ സോറോസ്‌ വിഷയം സഭാധ്യക്ഷൻ സ്വയം ഏറ്റെടുത്തത്‌. രാജ്യത്തിനെതിരായി ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നത്‌ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ്‌ ശ്രമമെന്നും ധൻഖർ പറഞ്ഞു.
 

ലോക്‌സഭയും 
രാജ്യസഭയും 
സ്‌തംഭിച്ചു
യുഎസ്‌ വ്യവസായി ജോർജ്‌ സോറോസുമായി ചേർന്ന്‌ കോൺഗ്രസ്‌ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന്‌ ആരോപിച്ച്‌ ഭരണകക്ഷിയായ ബിജെപി തന്നെ തിങ്കളാഴ്‌ച രാജ്യസഭാ നടപടികൾ തടസപ്പെടുത്തി. അദാനി കോഴ അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന്‌ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്‌ ലോക്‌സഭയും പൂർണമായും സ്‌തംഭിച്ചു.

രാജ്യസഭയിൽ ചട്ടം 267 പ്രകാരം അടിയന്തരചർച്ച ആവശ്യപ്പെട്ടുള്ള നോട്ടീസ്‌ സാധാരണഗതിയിൽ ഭരണകക്ഷി അംഗങ്ങൾ നൽകാറില്ലെങ്കിലും തിങ്കളാഴ്‌ച ബിജെപിയുടെ സുധാൻശു ത്രിവേദി അടക്കമുള്ളവർ സോറോസ്‌ വിഷയത്തിൽ അടിയന്തരചർച്ച ആവശ്യപ്പെട്ടു. സഭാനടപടികൾ തടസ്സപ്പെടുത്താൻ ഒരുങ്ങിയാണ്‌ ബിജെപി അംഗങ്ങൾ എത്തിയതെന്ന്‌ ഇതോടെ വ്യക്തമായി. എല്ലാ നോട്ടീസുകളും നിരാകരിച്ച സഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ എന്നാൽ ബിജെപി അംഗങ്ങൾക്ക്‌ സോറോസ്‌ വിഷയം സഭയിൽ ഉന്നയിക്കാൻ അവസരമൊരുക്കിയതാണ്‌ ബഹളത്തിനിടയാക്കിയത്‌. തുടർന്ന്‌, ചൊവ്വാഴ്‌ച ചേരുന്നതിനായി സഭ പിരിഞ്ഞു.

ലോക്‌സഭയിൽ അദാനി കോഴ, കർഷകപ്രക്ഷോഭം, മണിപ്പുർ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു. സോറോസ്‌ വിഷയം ബിജെപിയും ഉയർത്തി. പെട്ടെന്ന്‌ തന്നെ 12  വരെ സ്‌പീക്കർ ഓം ബിർള സഭ നിർത്തി. തുടർന്ന്‌ രണ്ടുവട്ടം കൂടി സഭാനടപടികൾ നിർത്തിയതിന്‌ ശേഷം ചൊവ്വാഴ്‌ച ചേരുന്നതിനായി പിരിഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home