16 July Tuesday

ജനകീയ വക്കീലിനായി ജാദവ‌്പൂർ

ഗോപിUpdated: Thursday May 16, 2019

കൊൽക്കത്ത
സാധാരണക്കാരുടെയും കർഷകരുടെയും ആവശ്യങ്ങൾക്കായി കോടതികളിൽ വീറോടെ വാദിക്കുന്ന ജനകീയ അഭിഭാഷകൻ വികാസ് ഭട്ടാചാര്യക്കൊപ്പമാണ‌് ജാദവ‌്പൂർ മണ്ഡലത്തിന്റെ മനസ്സിപ്പോൾ. മണ്ഡലത്തിലെ പ്രശ‌്നങ്ങൾ ലോക‌്സഭയിൽ എത്തിക്കാൻ ഇടതുമുന്നണി സ്ഥാനാർഥിയായ വികാസിന്റെ വിജയം അനിവാര്യമെന്ന‌് കരുതുന്നവരാണ‌് ഇവിടുത്തെ ജനങ്ങൾ. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട‌് സിപിഐ എമ്മിലെ ഈ മുതിർന്ന നേതാവ‌് .

സിനിമ–-സീരിയൽ നടി മിമി ചക്രവർത്തിയാണ‌് തൃണമൂൽ സ്ഥാനാർഥി. കൊൽക്കത്ത നഗരാതിർത്തിയിലെ രണ്ട‌് നിയമസഭാ മണ്ഡലവും ദക്ഷിണ 24 പർഗാന ജില്ലയിലെ അഞ്ച‌് മണ്ഡലവും ഉൾപ്പെട്ടതാണ് ജാദവപ്പൂർ. ഇടത്തരക്കാരും കൃഷിക്കാരും തൊഴിലാളികളുമാണ് വോട്ടർമാരിൽ ഭൂരിപക്ഷവും.ശതകോടികൾ വെട്ടിച്ച ശാരദ ചിട്ടി ഫണ്ട‌് കേസിൽ കബളിപ്പിക്കപ്പെട്ടവർക്കുവേണ്ടി യാതൊരു പ്രതിഫലവും വാങ്ങാതെ സുപ്രീംകോടതിയിൽവരെ കേസ‌് വാദിച്ചയാളാണ‌് വികാസ‌്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൊതുതാൽപ്പര്യ ഹർജികൾ ഫയൽ ചെയ്തയാളും ഇദ്ദേഹമാണ‌്.

ജാദവപൂർ ഭാംഗൂറിൽ വൈദ്യുതി നിലയത്തിനായി ഏറ്റെടുത്ത ഭൂമി തൃണമൂലുകാർ ഭൂമാഫിയകൾക്ക് മറിച്ചുവിൽക്കാൻ നടത്തിയ ശ്രമത്തിനെതിരെ പ്രതിഷേധിച്ച കർഷകസമരത്തിന് നേതൃത്വം നൽകിയതും വികാസാണ‌്. സമരത്തിനുശേഷം നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ ഇവിടെ തൃണമൂലിന് വൻ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത‌്. സിപിഐ എമ്മിന‌് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ജാദവപൂർ. 1971 മുതൽ 1984വരെ സിപിഐ എം സ്ഥാനാർഥിയായി മുൻ ലോക‌്സഭാ സ്പീക്കർ സോമനാഥ ചാർജിയാണ് ഇവിടെനിന്ന‌് തെരഞ്ഞെടുക്കപ്പെട്ടത്.

1984ൽ ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തെത്തുടർന്നുള്ള സഹതാപതരംഗത്തിൽ മമത ബാനർജി തെരഞ്ഞെടുക്കപ്പെട്ടു. 1989ൽ മമതയെ തോൽപ്പിച്ച‌് സിപിഐ എമ്മിലെ സുജൻ ചക്രവർത്തി മണ്ഡലം തിരിച്ചുപിടിച്ചു. 2009ലും 14ലും തൃണമൂൽ സ്ഥാനാർഥികളാണ‌് വിജയിച്ചത‌്. സീറ്റ‌് വീണ്ടും തിരിച്ചുപിടിച്ച് ജാദവപൂരിന്റെ കമ്യൂണിസ‌്റ്റ‌് പാരമ്പര്യം ഉയർത്തിപ്പിടിക്കാനുള്ള ശക്തമായ പേരാട്ടമാണ് അരങ്ങേറുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻതോതിൽ ചെറുപ്പക്കാരും ഇടത്തരക്കാരും കൃഷിക്കാരും ഇടതുമുണി പ്രചാരണത്തിൽ അണിനിരക്കുന്നു. വൻ സ്വീകരണമാണ് വികാസ് ഭട്ടാചര്യക്ക‌് എല്ലാ കേന്ദ്രങ്ങളിലും ലഭിക്കുന്നത‌്. കോൺഗ്രസ് ഇവിടെ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. തൃണമൂലിൽനിന്ന‌് പുറത്താക്കിയ ബിഷ്ണുപ്പൂർ എംപി അനുപം ഹസറയാണ് ബിജെപി സ്ഥാനാർഥി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top