04 July Saturday

ഇന്ത്യയിലെ സംഭവങ്ങൾ ദുഃഖകരം: സത്യ നാദെല്ല

സ്വന്തം ലേഖകൻUpdated: Wednesday Jan 15, 2020

ന്യൂഡൽഹി> പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തി മൈക്രോസോഫ്‌റ്റ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ സത്യ നാദെല്ല. ‘ഇപ്പോൾ സംഭവിക്കുന്നത്‌ ദുഃഖകരമാണ്‌. ഇത്‌  മോശമാണ്‌. ബംഗ്ലാദേശിൽനിന്നുള്ള ഒരു കുടിയേറ്റക്കാരൻ ഇന്ത്യയിലേക്ക്‌ വരികയോ  ഇൻഫോസിസിന്റെ അടുത്ത സിഇഒ ആകുന്നതോ‌ കാണാൻ ഞാന്‍ കൊതിക്കുന്നുണ്ട്‌’– യുഎസിൽ മൈക്രോസോഫ്‌റ്റിന്റെ ചടങ്ങിൽ അഭിമുഖത്തിനിടെ നാദെല്ല പറഞ്ഞു.

പിന്നീട്‌ മൈക്രോസോഫ്‌റ്റ്‌ ഇന്ത്യ ട്വിറ്റർ അക്കൗണ്ടിലൂടെ നാദെല്ലയുടെ വിശദമായ പ്രസ്‌താവന പുറത്തുവിട്ടു. ‘എല്ലാ രാജ്യവും അതിർത്തി നിർണയിക്കുകയും രാജ്യസുരക്ഷ സംരക്ഷിക്കുകയും ഇതിന്‌ അനുസൃതമായി കുടിയേറ്റനയത്തിന്‌ രൂപംനൽകുകയും ചെയ്യും. ജനാധിപത്യരാജ്യങ്ങളിൽ ഇതെല്ലാം ജനങ്ങളും സർക്കാരും തീരുമാനിക്കുന്നതാണ്‌.  ബഹുസ്വര ഇന്ത്യയിൽ വളർന്നതിലൂടെ ലഭിച്ച പാരമ്പര്യവും യുഎസിലെ കുടിയേറ്റ അനുഭവങ്ങളുമാണ്‌ എന്നെ രൂപപ്പെടുത്തിയത്‌. കുടിയേറ്റക്കാരന്‌ ലാഭകരമായ സ്‌റ്റാർട്ടപ്പിന്‌ തുടക്കമിടാനും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്‌ക്കും‌ ഗുണകരമാകുംവിധം ബഹുരാഷ്ട്രസ്ഥാപനത്തെ നയിക്കാനും അവസരമൊരുക്കുന്ന ഇന്ത്യയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌’–നാദെല്ല കുറിച്ചു.

നാദെല്ലയ്‌ക്കെതിരായി രൂക്ഷവിമർശനവുമായി സംഘപരിവാർ രംഗത്തുവന്നു. ചരിത്രകാരൻ രാമചന്ദ്ര ഗുഹ നാദെല്ലയെ പിന്തുണച്ച്  രം​ഗത്തെത്തി. നാദെല്ലയുടെ മാതൃക പിന്തുടരാൻ ആഭ്യന്തര ഐടി മേഖലയിലെ വമ്പന്മാരും തയ്യാറാകണമെന്ന്‌ ഗുഹ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top