22 April Monday

എല്ലാം വിചിത്രഭാവന: സുപ്രീംകോടതി:ക്രിമിനൽ നടപടികൾക്ക് പൊലീസ് തുടക്കമിട്ടത്‌ അടിസ്‌ഥാനമില്ലാതെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

ന്യൂഡൽഹി> ചാരക്കേസിൽ ഒരു അടിസ്ഥാനവുമില്ലാതെയാണ് ക്രിമിനൽ നടപടികൾക്ക് പൊലീസ് തുടക്കമിട്ടതെന്ന് സുപ്രീംകോടതി. വിചിത്ര ഭാവനയുടെയോ സങ്കൽപ്പങ്ങളുടെയോ ഒക്കെ അടിസ്ഥാനത്തിലാണ് കേസിന് തുടക്കമിട്ടതെന്ന് പറയേണ്ടിവരും. പ്രോസിക്യൂഷൻ നടപടികൾ പൂർണമായും പകപോക്കൽ സമീപനത്തോടെയായിരുന്നു. സിബിഐയാണ് തെറ്റുകാരെന്ന വാദം അംഗീകരിക്കാനാകില്ലെന്നും 32 പേജ് വരുന്ന വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

ഒരാളുടെ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനമായ സ്വാതന്ത്ര്യവും അന്തസ്സുമാണ് ഹർജിക്കാരനെ കസ്റ്റഡിയിലെടുത്തത‌് വഴി അട്ടിമറിച്ചത്. പൂർവകാല മഹിമ എന്തുതന്നെയായാലും അതൊന്നും പരിഗണിക്കാതെ നിന്ദ്യമായ വെറുപ്പിനെ അഭിമുഖീകരിക്കാൻ നിർബന്ധിതനാക്കി. ഭരണഘടനയുടെ 21‐ാം വകുപ്പ് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടതിനാൽ പൊതുനിയമ പരിഹാരപ്രകാരം നഷ്ടപരിഹാരം അനിവാര്യമായ സാഹചര്യമാണിത്.

കസ്റ്റഡി പീഡനമുണ്ടായതായി പരാതിയില്ലെന്ന വാദമുണ്ട്. പീഡനമെന്നതിനെ ഇടുങ്ങിയ കാഴ്ചപ്പാടിൽ നോക്കിക്കാണുന്നതിനാലാണ് ഇത്തരം വാദം. ഡി കെ ബസു കേസിൽ സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിക്കുന്നു‐ ഭരണഘടനയിലോ മറ്റ് നിയമങ്ങളിലോ 'പീഡനം' നിർവചിക്കപ്പെട്ടിട്ടില്ല. ഉപദ്രവം ഏൽപ്പിച്ചുകൊണ്ട് ദുർബലനുമേൽ തന്റെ താൽപ്പര്യം അടിച്ചേൽപ്പിക്കാൻ ശക്തർ ഉപയോഗിക്കുന്ന ഉപകരമണാണ് പീഡനം. കസ്റ്റഡി പീഡനമെന്നത് ഒരാളുടെ അന്തസ്സിനുനേരായ നഗ്നമായ ആക്രമണവും വക്തിത്വത്തെതന്നെ തകർക്കുന്നതുമാണ്.

പൊലീസ് സ്റ്റേഷന്റെ നാല് ചുവരുകൾക്കുള്ളിലോ ലോക്കപ്പിലോ ഒരാളെ തടഞ്ഞുവയ്ക്കുമ്പോഴുള്ള മാനസികവ്യഥയെ പ്രധാനമായി പരിഗണിക്കണമെന്ന് മുൻകാല വിധികൾ വ്യക്തമാക്കുന്നു. ഒരുപക്ഷേ ശാരീരികമായ വേദനയുണ്ടാകില്ല. പക്ഷേ, മാനസിക പീഡനം നിശ്ചയമായുമുണ്ട്‐ കോടതി പറഞ്ഞു.

ചാരക്കേസ് കാരണം ശാസ്ത്രജ്ഞനെന്ന നിലയിലുള്ള തന്റെ ഭാവി ഇല്ലാതായെന്നും കുടുംബസമാധാനം പൂർണമായും തകർന്നെന്നുമുള്ള വാദങ്ങളാണ് നമ്പി നാരായണന്റെ അഭിഭാഷകർ മുന്നോട്ടുവച്ചത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് കേസ് വലിയ തിരിച്ചടിയായി മാറിയെന്നും അഭിഭാഷകർ പറഞ്ഞു. പല ഘട്ടങ്ങളിലും കോടതിയിൽ നേരിട്ട് ഹാജരാകാറുണ്ടായിരുന്ന നമ്പി നാരായണനിൽനിന്ന‌് മൂന്നംഗ ബെഞ്ച് നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

ബഹിരാകാശ ഗവേഷണത്തെ ബാധിച്ചെന്നും മറ്റുമുള്ളത് അടിസ്ഥാനരഹിതമായ വാദമാണെന്ന് സിബി മാത്യൂസിന്റെയും മറ്റും അഭിഭാഷകർ വാദിച്ചു. അന്വേഷണം പൂർണമായും ഡിജിപിയുടെ സൂക്ഷ‌്മമേൽനോട്ടത്തിലായിരുന്നുവെന്നും കേസ് സിബിഐക്ക് വിടാമെന്ന് നിർദേശിച്ചത് താനാണെന്നും സിബി മാത്യൂസ് വാദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top