27 January Friday

കുതിച്ച്‌ പിഎസ്എൽവി സി 54 ; ഒമ്പത് ഉപഗ്രഹം 
ഭ്രമണപഥത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


തിരുവനന്തപുരം
സമുദ്രനിരീക്ഷണ ഉപഗ്രഹമായ  ഓഷ്യൻസാറ്റടക്കം ഒമ്പത് ഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിൽനിന്ന് ശനിയാഴ്ച പകൽ 11.56ന്‌ ആയിരുന്നു വിക്ഷേപണം. പിഎസ്എൽവി സി-–-54 റോക്കറ്റാണ് ഉപഗ്രഹങ്ങളുമായി കുതിച്ചത്. പതിനേഴാം മിനിറ്റിൽ ഓഷ്യൻ സാറ്റ് സൗര സ്ഥിര ഭ്രമണപഥത്തിലിറങ്ങി. തുടർന്ന് 516 കിലോമീറ്ററിലേക്ക് പഥം താഴ്ത്തി മറ്റ് എട്ട് ഉപഗ്രഹത്തെയും ഇറക്കിവിട്ടു. 2.17 മണിക്കൂറെടുത്താണ് പ്രക്രിയ പൂർത്തിയാക്കിയത്.

മൂന്നാം തലമുറ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് (ഇഒഎസ്– 6) ഇന്ത്യൻ സമുദ്രമേഖലയെ 24 മണിക്കൂറും സൂക്ഷ്‌മമായി നിരീക്ഷിക്കും. സമുദ്ര താപനില, നിറംമാറ്റം, തിരമാലകൾ, ന്യൂനമർദ രൂപീകരണം എന്നിവയെപ്പറ്റി വിവരം ശേഖരിക്കും. മത്സ്യസമ്പത്ത്, കപ്പൽ ഗതാഗതം തുടങ്ങിയവയ്‌ക്കും ഗുണകരമാകും. ഇന്ത്യയുടെ സഹകരണത്തോടെ ഭൂട്ടാൻ വികസിപ്പിച്ച  ഐഎൻഎസ് 2ബി, സ്വകാര്യ സ്റ്റാർട്ടപ്പായ പിക്സൽ ഇന്ത്യയുടെ ‘ആനന്ദ്',  ധ്രുവ സ്‌പെയ്‌സിന്റെ രണ്ട് ‘തൈബോൾട്ട്’ ഉപഗ്രഹം, അമേരിക്കയുടെ സ്‌പെയ്‌സ് ഫ്ലൈറ്റ് ഇൻക് വികസിപ്പിച്ച നാല് ഉപഗ്രഹം എന്നിവയാണ് ഭ്രമണപഥത്തിലെത്തിച്ച മറ്റുള്ളവ. വിക്ഷേപണത്തിന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്ണൻനായർ, എൽപിഎസ്‌സി ഡയറക്ടർ ഡോ. നാരായണൻ, മിഷൻ ഡയറക്ടർ എസ് ആർ ബിജു എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top