25 August Sunday

ചാന്ദ്രയാൻ 2 : ചോർന്നത‌് ദിശ കാട്ടുന്ന ഹീലിയം ബോട്ടിൽ

ദിലീപ‌് മലയാലപ്പുഴUpdated: Wednesday Jul 17, 2019


തിരുവനന്തപുരം
ചാന്ദ്രയാൻ –-2 വിക്ഷേപണത്തിന‌് തടസ്സമായ തകരാർ ഐഎസ‌്ആർഒ കണ്ടെത്തി. സങ്കീർണമായ ക്രയോജനിക‌് ഘട്ടത്തിലെ  വലിയ ഇന്ധന ടാങ്കിന‌് മുകളിലുള്ള ഹീലിയം ‘ഗ്യാസ‌്ബോട്ടി’ലിലാണ‌് തകരാർ കണ്ടെത്തിയത‌്. നിയന്ത്രണ വാൽവുകളെ പ്രവർത്തനസജ്ജമാക്കി ക്രയോഘട്ടത്തെ ജ്വലിപ്പിക്കുന്നതിനുള്ള ദൗത്യമാണ‌് ഗ്യാസ‌് ബോട്ടിലിനുള്ളത‌്. ചാന്ദ്രയാൻ പേടകത്തെ മുന്നോട്ട‌് നയിക്കാനുളള തള്ളൽ ശേഷി നൽകാനും ലക്ഷ്യത്തിലെത്തിക്കാനും  ഈ ജ്വലനം അനിവാര്യമാണ‌്.  ഗ്യാസ‌് ബോട്ടിലിന്റെ  നേരിയ തകരാർ പോലും  റോക്കറ്റിന്റെ ദിശ തെറ്റിക്കും. വിക്ഷേപണത്തിന‌് മുമ്പ‌് തകരാർ കണ്ടെത്തിയിരുന്നില്ലെങ്കിൽ  പേടകം തകരാനും  ഒരുപക്ഷേ ജനവാസ കേന്ദ്രത്തിൽ പതിക്കാനും കാരണമായേനെ. വലിയ നഷ്ടമാണ‌് ഇതു വഴി ഒഴിവായത‌്.

ഗ്യാസ‌്ബോട്ടിലിലെ തകരാർ പരിഹരിച്ച‌് വിക്ഷേപണം ഉടൻ നടത്താനുള്ള തീവ്രശ്രമങ്ങൾ ശ്രീഹരിക്കോട്ടയിൽ ആരംഭിച്ചു. ബുധൻ, വ്യാഴ‌ം ദിവസങ്ങളിൽ നിർണായകമായ ചില പരിശോധനകൾ നടക്കും. ഫുൾ പ്രഷർ ടെസ‌്റ്റടക്കം നടത്തിയശേഷമാകും വിക്ഷേപണ തീയതി നിശ്ചയിക്കുക. റോക്കറ്റിലെ എല്ലാ ഭാഗങ്ങളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തണം. ലോഞ്ച‌് വിൻഡോ(സുരക്ഷിതമായ സമയം) കൂടി ലഭ്യമാകണം. തിങ്കളാഴ‌്ച പുലർച്ചെ 2.51 ന‌് നിശ്ചയിച്ചിരുന്ന വിക്ഷേപണം കൗണ്ട‌് ഡൗണിനിടെ നിർത്തിവയ‌്ക്കുകയായിരുന്നു. അതിനിടെ റോക്കറ്റിലെ ഇന്ധനം നീക്കം ചെയ്യുന്ന പ്രവർത്തനം പൂർത്തിയായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top