21 February Friday
പൊലീസ് അതിക്രമം തുറന്നുകാട്ടി ജനകീയ വിചാരണ

കശ്മീരില്‍ പ്രതികരിച്ചിരുന്നെങ്കില്‍ യുപിയിലെ ആക്രമണങ്ങള്‍ സംഭവിക്കില്ലായിരുന്നു: ഇര്‍ഫാന്‍ ഹബീബ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

ന്യൂഡല്‍ഹി> കശ്മീരിന്റെ പ്രത്യേകപദവി അസാധുവാക്കിയപ്പോള്‍ ശക്തമായ പ്രതികരണമുണ്ടായിരുന്നെങ്കില്‍ ഉത്തര്‍പ്രദേശിലെ കിരാത ആക്രമണങ്ങള്‍ സംഭവിക്കില്ലായിരുന്നുവെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്.  യുപിയിലെ സര്‍ക്കാര്‍ നരവേട്ടയ്ക്കെതിരെ ഡല്‍ഹിയിലെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോയില്‍ നടന്ന ജനകീയ വിചാരണയില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്.

ഭരണഘടന അട്ടിമറിക്കുന്ന നിരന്തര പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ബ്രിട്ടീഷ് ഭരണമല്ല, നാസി ജര്‍മനിയാണ് ഓര്‍മിപ്പിക്കുന്നത്. സര്‍വകലാശാലകളും വിദ്യാര്‍ഥികളും ആക്രമിക്കപ്പെടുന്നത് അപമാനകരമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം രാജ്യത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ഒന്നിച്ച് അണിനിരക്കണം. ഐക്യമുണ്ടായില്ലെങ്കില്‍ രാജ്യം ഗുരുതര അപകടത്തിലാകുമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

ഏകപക്ഷീയവും കിരാതവുമായ ആക്രമണമാണ് യുപിയില്‍ പൊലീസ് നടത്തിയതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. എല്ലായിടത്തും പൊലീസാണ് പ്രകോപനം സൃഷ്ടിച്ചത്. ഒരേസമയം വിവിധയിടങ്ങളില്‍ പൊലീസ് വെടിവയ്പ് നടത്തിയത് ആസൂത്രിതമായാണെന്നും സുഭാഷിണി അലി പറഞ്ഞു. സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ് പങ്കെടുത്തു.

യുപിയിലെ നരനായാട്ടിന്റെ ഇരകളും  ദൃക്സാക്ഷികളും ഞെട്ടിക്കുന്ന സംഭവങ്ങള്‍ വിവരിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി. പിടികൂടിയ രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. നിരവധിപേര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി. പ്രതിഷേധക്കാരോട് പ്രതികാരം ചെയ്യാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആഹ്വാനം പൊലീസ്  നടപ്പാക്കി- ജനകീയ വിചാരണയില്‍ പങ്കെടുത്തവര്‍ വിവരിച്ചു.

ഇര്‍ഫാന്‍ ഹബീബിനൊപ്പം ഡോ. എന്‍ സി സക്സേന, ഡോ. അനിരുദ്ധ് കല, ഡോ. ശാന്തസിന്‍ഹ, ചമന്‍ലാല്‍, ദേബ് മുഖര്‍ജി,  ജസ്റ്റിസുമാരായ എ പി ഷാ, വി ഗോപാലഗൗഡ, സുദര്‍ശന്‍ റെഡ്ഡി എന്നിവരടങ്ങിയ ജൂറിയാണ് നിയന്ത്രിച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top