19 August Monday

എണ്ണ ഇറക്കുമതി: ഇറാന‌് ചെവികൊടുക്കാതെ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019


ന്യൂഡൽഹി
എണ്ണ ഇറക്കുമതി ചെയ്യണമെന്ന ഇറാന്റെ അഭ്യർഥനയിൽ വ്യക്തമായ നിലപാടെടുക്കാതെ ഇന്ത്യ. ഗൾഫ‌് മേഖലയിലെ സംഘർഷ പശ‌്ചാത്തലത്തിൽ ഇറാൻ വിദേശമന്ത്രി മുഹമദ‌് ജവാദ‌് സരിഫ‌് ഡൽഹിയിൽ വിദേശകാര്യമന്ത്രി സുഷ‌്മ സ്വരാജ‌ുമായി നടത്തിയ കൂടിക്കാഴ‌്ചയിലാണ‌്  എണ്ണ ഇറക്കുമതി തുടരണമെന്ന‌് അഭ്യർഥിച്ചത‌്. എന്നാൽ വ്യക്തമായ മറുപടി നൽകാൻ സുഷ‌്മ തയ്യാറായില്ല. തെരഞ്ഞെടുപ്പ‌് ഫലം വന്നശേഷം  തീരുമാനമെടുക്കാമെന്ന നിലപാടാണ‌് സുഷ‌്മ സ്വരാജ‌് സ്വീകരിച്ചതെന്ന‌് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഗൾഫ‌് തീരത്ത‌് നാല‌് എണ്ണ ടാങ്കർ ആക്രമിക്കപ്പെട്ടതും ചർച്ചാ വിഷയമായി. ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക–- രാഷ്ട്രീയ–- മേഖലാ പങ്കാളിയാണ‌് ഇന്ത്യയെന്ന‌് മന്ത്രി ജവാദ‌് സരിഫ‌് അഭിപ്രായപ്പെട്ടു.

ഇറാനിൽനിന്ന‌് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ‌് ഇന്ത്യ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇറാനുമായുള്ള എണ്ണ ഇടപാട‌് അവസാനിപ്പിക്കണമെന്നാണ‌് അമേരിക്ക നൽകിയ താക്കീത‌്. മെയ‌് രണ്ട‌ുമുതൽ വ്യാപാരം അവസാനിപ്പിക്കാനായിരുന്നു നിർദേശം. ഇത‌് അപ്പാടെ പാലിക്കുന്ന നിലപാടാണ‌് മോഡി സർക്കാർ സ്വീകരിച്ചത‌്.  പരസ‌്പര താൽപ്പര്യമുള്ള എല്ലാ ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും ഇരുമന്ത്രിമാരും ചർച്ച നടത്തിയതായി വിദേശകാര്യ വക്താവ‌് രവീഷ‌് കുമാർ അറിയിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top