21 November Thursday

രാജ്യതലസ്ഥാനത്ത്‌ പൊലീസുകാർക്ക്‌ മർദ്ദനം; വിമർശനവുമായി മുൻ ഐപിഎസുകാർ

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2019

ന്യൂഡൽഹി >  രാജ്യതലസ്ഥാനത്ത്‌ പൊലീസുകാർ അഭിഭാഷകരുടെ മർദ്ദനമേൽക്കേണ്ടിവന്ന സാഹചര്യത്തെ വിമർശിച്ച്‌ മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥർ രംഗത്ത്‌. ദുഃഖകരമായ സാഹചര്യമാണിതെന്ന്‌ ജമ്മു–കശ്‌മീർ മുൻ ഡിജിപി ശേഷ്‌ പോൾ വൈദ്‌ പറഞ്ഞു. ജീവിതകാലമത്രയും ക്രമസമാധാന പാലനത്തിനായും പൗരസംരക്ഷണത്തിനായും നിലകൊള്ളുന്ന പൊലീസ്‌ ഉദ്യോഗസ്ഥർ ഈവിധം കൈകാര്യം ചെയ്യപ്പെടുന്നത്‌ ദുഃഖകരമായ സാഹചര്യമാണെന്ന്‌ വൈദ്‌ ട്വിറ്ററിൽ പറഞ്ഞു.

കറുത്ത കോട്ടണിഞ്ഞ ചില വിഡ്ഢികളുടെ അഴിഞ്ഞാട്ടമാണ്‌ നടക്കുന്നതെന്ന്‌ ഐപിഎസ്‌ ഉദ്യോഗസ്ഥനായ ദീപേന്ദ്ര പഥക്ക്‌ പറഞ്ഞു. ഈയൊരു സാഹചര്യം ഡൽഹിയിലെ സാമൂഹ്യക്രമത്തെ തന്നെ അപകടത്തിലാക്കുകയാണ്‌. കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരിൽ നിയമത്തോടുള്ള ഭീതി സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്‌– പഥക്ക്‌ അഭിപ്രായപ്പെട്ടു.

പൊലീസുകാർ മർദിക്കപ്പെട്ടിട്ടും ഐപിഎസ്‌ അസോസിയേഷൻ മയപ്പെടുത്തുംവിധമാണ്‌ പ്രതികരിച്ചത്‌. പൊലീസും അഭിഭാഷകരും ഉൾപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന്‌ അസോസിയേഷൻ പ്രസ്‌താവനയിൽ പറഞ്ഞു. വസ്‌തുതകളുടെ അടിസ്ഥാനത്തിൽ ഒരു സമതുലിത സമീപനം എല്ലാവരും സ്വീകരിക്കണം. മർദനത്തിന്‌ ഇരയായ പൊലീസുകാർക്കൊപ്പമാണ്‌ രാജ്യമെമ്പാടുമുള്ള പൊലീസ്‌ നിലയുറപ്പിച്ചിട്ടുള്ളത്‌. നിയമസംവിധാനത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അപലപിക്കുന്നു–-ഐപിഎസ്‌ അസോസിയേഷൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top