ശ്രീനഗർ > ഒരുവർഷമായി ജയിലിൽക്കഴിയുന്ന കശ്മീരി മാധ്യമപ്രവർത്തകന് അമേരിക്കൻ നാഷണൽ പ്രസ്ക്ലബ്ബിന്റെ മാധ്യമ സ്വാതന്ത്ര്യ പുരസ്കാരം. ജോൺ ഓബുച്ചൻ പ്രസ് ഫ്രീഡം അവാർഡിനാണ് കശ്മീർ നരേറ്റർ മാസികയിലെ ആസിഫ് സുൽത്താൻ അർഹനായത്.
ഭീകരരെ സഹായിക്കുന്നുവെന്ന് ആരോപിച്ച് 2018 ആഗസ്ത് 27ന് അർധരാത്രിയാണ് ആസിഫിനെ അറ്സ്റ്റ്ചെയ്തത്. വ്യാഴാഴ്ച പ്രഖ്യാപിച്ച പുരസ്കാരത്തെക്കുറിച്ച് ആസിഫിന്റെ വീട്ടുകാർ ശനിയാഴ്ചയാണ് അറിഞ്ഞത്. കശ്മീരിലെ വാർത്താവിനിമയ സംവിധാനങ്ങൾ ക്കുള്ള വിലക്കാണ് വാർത്ത അറിയുന്നത് വൈകിച്ചത്. ‘എന്തോ പുരസ്കാരം ലഭിച്ചതായി ആരോ പറഞ്ഞു, എന്താണെന്ന് തനിക്ക് അറിയില്ലെന്ന്’’ ആസിഫിന്റെ പിതാവ് മുഹമ്മദ് സുൽത്താൻ പറഞ്ഞു. പുരസ്കാരം നൽകിയവർക്ക് നന്ദി അറിയിക്കുന്നു. തൊഴിലിനോട് ആസിഫ് കാണിച്ച ആത്മാർഥത തിരിച്ചറിഞ്ഞവരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലൈബ്രറി സയൻസ്, ഇസ്ലാമിക് സ്റ്റഡീസ്, ജേണലിസം എന്നിവയിൽ ബിരുദാനന്തര ബിരുദധാരിയാണ് ആസിഫ്.
വീട്ടിൽ ഭീകരരെ ഒളിച്ചു താമസിപ്പിച്ചു എന്നാണ് പൊലീസ് ആസിഫിനെതിരെ ആരോപിച്ച കുറ്റം. തീവ്രവാദ സംഘടനയായ ഹിസ്ബുളുമായി ബന്ധപ്പെട്ട കത്ത് വീട്ടിൽനിന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..