02 June Tuesday

തൊഴിൽനിയമങ്ങൾ അട്ടിമറിക്കരുത്‌: ഐഎൽഒ

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020


ന്യൂഡൽഹി
ഇന്ത്യയിൽ തൊഴിൽനിയമങ്ങൾ അട്ടിമറിക്കപ്പെടുന്നതിൽ രാജ്യാന്തര തൊഴിൽസംഘടന (ഐഎൽഒ) ആശങ്ക പ്രകടിപ്പിച്ചു. രാജ്യാന്തരനിലവാരത്തിനു നിരക്കാത്തവിധം ഏകപക്ഷീയമായി തൊഴിൽനിയമം മാറ്റിമറിക്കരുതെന്ന്‌ ഐഎൽഒ ആവശ്യപ്പെട്ടു. വ്യവസായ സംരംഭങ്ങൾക്ക്‌ ഉത്തേജനം നൽകണ്ടേത്‌ സാമ്പത്തിക പാക്കേജുകൾ വഴിയായിരിക്കണമെന്നും നിർദേശിച്ചു.

സർക്കാർ, തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർ പങ്കെടുത്തുള്ള ത്രികക്ഷി ചർച്ചയുടെ അടിസ്ഥാനത്തിലും രാജ്യാന്തര തൊഴിൽ നിലവാരത്തിനു നിരക്കുന്ന രീതിയിലും വേണം തൊഴിൽനിയമങ്ങൾ മാറ്റുന്നത്‌. അടിസ്ഥാന അവകാശങ്ങളും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. കൂട്ടായി വിലപേശാനുള്ള അവകാശവും തൊഴിൽബന്ധ സംവിധാനങ്ങളും ശക്തിപ്പെടുത്തണം–- ഐഎൽഒ വ്യക്തമാക്കി.

ഐഎൽഒ 1919ൽ നിലവിൽവന്നതുമുതൽ സ്ഥാപകാംഗമാണ്‌ ഇന്ത്യ. തൊഴിൽസമയം, പ്രതിഫലം, നഷ്ടപരിഹാരം, അധികൃതരുടെ പരിശോധന എന്നിവ സംബന്ധിച്ച 47 ഐഎൽഒ ചട്ടങ്ങൾ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്‌. എന്നാൽ, എട്ട്‌ മണിക്കൂർ ജോലി എന്ന രാജ്യാന്തര തത്വത്തിനു വിരുദ്ധമായി പല സംസ്ഥാനങ്ങളിലും തൊഴിൽസമയം 12 മണിക്കൂറായി നീട്ടി. മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങൾ എല്ലാ തൊഴിൽനിയമങ്ങളും മൂന്ന്‌ വർഷത്തേക്ക്‌ മരവിപ്പിച്ചു. ഗുജറാത്ത്‌ 1200 ദിവസത്തേക്ക്‌ തൊഴിൽനിയമം അസാധുവാക്കുമെന്ന്‌ വ്യക്തമാക്കി. ഇതേത്തുടർന്നാണ്‌ ഐഎൽഒ അതൃപ്‌തി അറിയിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top