29 May Friday

പാപ്പര്‍ നിയമം ഭേദഗതി വരുത്തിയത്‌ റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാന്‍: കെ കെ രാഗേഷ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020

ന്യൂഡല്‍ഹി> ഇടപാടുകാരെ വഞ്ചിക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനാണ് ഓര്‍ഡിനന്‍സിലൂടെ കേന്ദ്രസര്‍ക്കാര്‍ പാപ്പര്‍ നിയമം IBCInsolvency and Bankruptcy Code) ഭേദഗതി വരുത്തിയതെന്ന് കെകെ രാഗേഷ് എംപി. നിലവിലുള്ള നിയമം അനുസരിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് വീടുവാങ്ങാന്‍ പണംകൊടുത്തവര്‍ക്കും യഥാസമയം വീട് ലഭ്യമായില്ലെങ്കില്‍ കമ്പനിക്കെതിരെ പാപ്പര്‍ നടപടിക്രമങ്ങള്‍ക്ക് അപേക്ഷ നല്‍കാം.

 എന്നാല്‍ പുതിയ ഭേദഗതിയോടുകൂടി ചുരുങ്ങിയത് 100 ഇടപാടുകാരോ മൊത്തം ഇടപാടുകാരില്‍ 10 ശതമാനത്തിനോ യോജിച്ച് മാത്രമേ കമ്പനിക്കെതിരായി പാപ്പര്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ആരില്‍നിന്നൊക്കെയാണ് പണംവാങ്ങിയതെന്നും ആര്‍ക്കൊക്കെയാണ് കൊടുക്കാനുള്ളതെന്നുമുള്ള കാര്യങ്ങള്‍ ഒരു റിയല്‍എസ്റ്റേറ്റ് കമ്പനിയും വെളിപ്പെടുത്തുകയില്ല.

  അതുകൊണ്ട് തന്നെ വീടുലഭിക്കാതെ വഞ്ചിക്കപ്പെട്ട 100 പേരോ 10 ശതമാനം പേരോ ഒന്നിച്ച് പരാതി നല്‍കുന്നത് അസാധ്യവും അപ്രായോഗികവും ആണ്. നിലവില്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുമ്പാകെ ആയിരക്കണക്കിന് ഹര്‍ജികളാണ് രാജ്യത്തെമ്പാടുമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കെതിരെ ഫയല്‍ ചെയ്തിട്ടുള്ളത്. ഓര്‍ഡിനന്‍സ് നിലവില്‍ വന്നതോടെ ഇത്തരത്തിലുള്ള അപേക്ഷകളെല്ലാം അസാധുവായിരിക്കുകയാണ്.

 ഇത് ഇടപാടുകാരെ പണംവാങ്ങി വഞ്ചിക്കാനുള്ള അവസരമാണ് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പണംവാങ്ങി വീടുനല്‍കാതെ വഞ്ചിക്കപ്പെട്ടവര്‍ക്ക് നിയമപരമായ അവകാശങ്ങളാകെ നിഷേധിക്കുന്നതാണ് ഈ നിയമമെന്നും കെകെ രാകേഷ് പറഞ്ഞു

 


പ്രധാന വാർത്തകൾ
 Top